ഗുവാഹത്തി: സൂപ്പര്‍താരം ദെല്‍ പിയറോയുടെ അഭാവത്തില്‍ കളിക്കളത്തിലിറങ്ങിയ ദല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന പോരാട്ടത്തില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ദല്‍ഹി തകര്‍ത്തത്.
ആറാം മിനിറ്റില്‍ ഗുസ്താവോയും 14-ാം മിനിറ്റില്‍ ഹാന്‍സ് മുള്‍ഡറും ദല്‍ഹിക്കായി ഗോളുകള്‍ നേടിയപ്പോള്‍ നോര്‍ത്ത്-ഈസ്റ്റിന്റെ ആശ്വാസഗോള്‍ അവരുടെ സാംബിയന്‍ താരം കോണ്ട്വാനി ടോന്ഗയാണ് നേടിയത്. വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ദല്‍ഹി ഏറ്റവും പിന്നിലാണ്. 10 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണ് അവരുടെ സമ്പാദ്യം.
കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡും ദല്‍ഹി ഡൈനാമോസും കളത്തിലിറങ്ങിയത്. നോര്‍ത്ത്-ഈസ്റ്റ് സെനഗല്‍ പ്രതിരോധനിരതാരം മസാംബ സാംബൗ, ഇന്ത്യന്‍ താരങ്ങളായ അലന് ഡിയോറെ, ദുര്‍ഗ ബോറോ, ഗ്വില്ലര്‍മോ ബടാറ്റ എന്നിവര്‍ക്ക് പകരം സെമിന്ലെന് ഡൗന്‍ഗല്‍, രാള്‍ട്ടെ, കൊറിയന്‍ താരം ഡൊ ഡങ് ഹ്യുന്‍, സാംബിയന്‍ താരം ഇസ്സാക്ക് ചന എന്നിവരെ കളത്തിലിറക്കി.
ദല്‍ഹി ക്യാപ്റ്റനും സൂപ്പര്‍താരവുമായ ഡെല്‍ പിയറോ, ബല്‍ജിയം താരം വിം റെയ്മേക്കേഴ്സ്, ഡാനിഷ് താരം മാഡ്സ് ജുന്‍കര്‍, ഇന്ത്യന്‍ താരം ആദില്‍ ഖാന് എന്നിവര്‍ക്ക് പകരമായി സ്പാനിഷ് താരം ബ്രൂണോ ഹെരേരോ, ബ്രസീലിയന്‍ താരം ഗുസ്താവോ, പോര്‍ച്ചുഗല്‍ താരം ഹെന്റിക്വെ, ഇന്ത്യന്‍ താരം ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് എന്നിവരെയും കളത്തിലിറക്കി.
കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ദല്‍ഹി ഡൈനാമോസ് ആറാം മിനിറ്റില്‍ ലീഡ് നേടി. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് നല്കിയ പന്തുമായി മുന്നേറിയശേഷം ബ്രസീലിയന്‍ താരം ഗുസ്താവോ ബോക്സിന് പുറത്തുനിന്ന് ഇടംകാലുകൊണ്ട് പറത്തിയ ബുള്ളറ്റ് ലോംഗ്റേഞ്ചര്‍ മുഴുനീളെ പറന്നനോര്ത്ത്-ഈസ്റ്റിന്റെ മലയാളി ഗോളി രഹ്നേഷിനെ കീഴ്പ്പെടുത്തി ക്രോസ് ബാറിന്റെ അടിയില്ത്തട്ടിയശേഷം വലയില്‍ പതിച്ചു.
രണ്ട് മിനിറ്റിനുശേഷം ഗുസ്താവോക്ക് വീണ്ടും അവസരം ലഭിച്ചെങ്കലും ലക്ഷ്യം പിഴച്ചു. 14-ാം മിനിറ്റില്‍ ദല്‍ഹി ലീഡ് ഉയര്‍ത്തി. ഗുസ്താവോ നോര്‍ത്ത്-ഈസ്റ്റ് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ നല്കിയ പാസ് സ്വീകരിച്ച് ഹാന്‍സ് മുള്‍ഡര്‍ പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് 25-ാം മിനിറ്റില്‍ നോര്‍ത്ത്-ഈസ്റ്റിന്റെ ഇസാക്ക് ചന്സക്ക് ഒരു ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ദല്‍ഹി ഡൈനാമോസിന്റെ സൗമ്യക് ചക്രവര്‍ത്തിക്ക് രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും ലഭിച്ചതോടെ അവര്‍ പത്തുപേരായി ചുരുങ്ങി. തൊട്ടുപിന്നാലെ നോര്‍ത്ത്-ഈസ്റ്റിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും ദല്‍ഹി തളര്‍ന്നില്ല. തകര്‍പ്പന്‍ മുന്നേറ്റങ്ങളുമായി അവര്‍ നിരന്തരം നോര്‍ത്ത്-ഈസ്റ്റ് ബോക്സില്‍ പന്തെത്തിച്ചു. അതേസമയം കോകെയുടെ നേതൃത്വത്തില്‍ മികച്ച പ്രത്യാക്രമണങ്ങളുമായി നോര്‍ത്ത് ഈസ്റ്റും കളം നിറഞ്ഞതോടെ പോരാട്ടം ആവേശകരമായി. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 80-ാം മിനിറ്റില്‍ നോര്‍ത്ത്-ഈസ്റ്റ് ഒരു ഗോള്‍ മടക്കി.
കോകെ എടുത്ത കോര്‍ണര്‍ കിക്ക് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ അവരുടെ സാംബിയന്‍ താരം കോണ്ട്വാനി ടോന്‍ഗ ഡൈനാമോസ് വലയിലെത്തിക്കുകയായിരുന്നു. അധികം കഴിയും മുന്നേ നോര്‍ത്ത്-ഇൗസ്റ്റിന്റെ ഐബര്ലാംഗ് കോംഗ്ജി രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയതോടെ അവരും പത്തുപേരായി ചുരുങ്ങി. പിന്നീട് സമനിലക്കായി നോര്‍ത്ത്-ഈസ്റ്റ് ആഞ്ഞുപൊരുതിയെങ്കിലും ഡൈനാമോസ് പ്രതിരോധം കോട്ടകെട്ടി കാത്തതോടെ ആക്രമണങ്ങളെല്ലാം വിഫലമായി.
















