ലണ്ടന്‍: വെയ്ന്‍ റൂണിയുടെ സ്‌ട്രൈക്കിങ് പാടവത്തെപ്പറ്റി ആര്‍ക്കും സംശയമില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ആഴ്‌സനല്‍ മുഖാമുഖം അതൊരിക്കല്‍കൂടി വെളിവാക്കി.
85-ാം മിനിറ്റില്‍ റൂണി മൂര്‍ച്ചകാട്ടിയപ്പോള്‍ ശനിയാഴ്ച രാവിനെ തീപുതപ്പിച്ച അങ്കത്തില്‍ മാന്‍.യുവിന് ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയം. സ്‌കോര്‍ ഷീറ്റില്‍ ശൂന്യത നിറഞ്ഞ ആദ്യപകുതിക്കുശേഷം കെയ്‌റണ്‍ ഗിബ്‌സിന്റെ സെല്‍ഫ് ഗോള്‍ ചുവന്ന ചെകുത്താന്‍മാര്‍ക്ക് നേരിയ മുന്‍തൂക്കം നല്‍കി. അതിനൊപ്പം റൂണി ഗോളും ചേര്‍ന്നപ്പോള്‍ അവര്‍ ജയം ഉറപ്പിച്ചു.
ഇഞ്ചുറി ടൈമില്‍ ഒളിവര്‍ ജിറോഡ് ആഴ്‌സനലിന് ആശ്വാസമരുളി. വാന്‍ ഗാല്‍ പരിശീലകനായി ചുമതലയേറ്റശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ ടീം ഒരു ഏവേ മത്സരം ജയിക്കുന്നത്.എമിറേറ്റ്‌സ് സ്‌റ്റേഡിയം വേദിയാക്കിയ കളിയുടെ ആദ്യ അരമണിക്കൂറില്‍ ആഴ്‌സനലിന് തന്നെയായിരുന്നു ആധിപത്യം. ഈ സമയം ഗോളി ഡേവിഡ് ഗിയയുടെ മനസാന്നിധ്യം മാന്‍.യുവിന് രക്ഷയൊരുക്കി.
ജാക് വില്‍ഷെറും ഡാനി വെല്‍ബക്കും പലതവണ പരീക്ഷിച്ചെങ്കിലും ഗിയ കുലുങ്ങിയില്ല. എതിര്‍ ഗോള്‍ മുഖം തേടിയുള്ള മാന്‍.യുവിന്റെ നീക്കങ്ങള്‍ക്ക് എയ്ഞ്ചല്‍ ഡി മരിയയും ചുക്കാന്‍പിടിച്ചു. എങ്കിലും ഒന്നാം പകുതി ഗോള്‍ ഒഴിഞ്ഞുനിന്നു.
എന്നാല്‍ 56-ാം മിനിറ്റില്‍ ആഴ്‌സനല്‍ ഗോളി വൊസിയെച്ച് സെസന്‍സിക്ക് പിഴച്ചു. അന്റോണിയ വലന്‍സിയയുടെ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ സെസെന്‍സിക്കായില്ല. ഗിബ്‌സ് വഴിതിരിച്ച പന്ത് പീരങ്കിപ്പടയുടെ ഗോള്‍ വരതാണ്ടി. (1-0).
സെസെന്‍സിയുടെ പരിക്ക് ഡാമിയന്‍ മാര്‍ട്ടിനെസിനെ ഗണ്ണേഴ്‌സിന്റെ വലയ്‌ക്കുകീഴിലെത്തിച്ചു. പിന്നെ സമനിലയ്‌ക്കായി കിണഞ്ഞുശ്രമിച്ച ആഴ്‌സനല്‍ ജിറോഡിനെ രംഗത്തിറക്കി ആക്രമണങ്ങള്‍ക്ക് ഉശിരേറ്റി.
പക്ഷേ, യുണൈറ്റഡ് പ്രതിരോധം പിടിച്ചുനിന്നു. ഇതിനിടെ ഡി മരിയയുടെ പാസ് മാര്‍ട്ടിനെസിന്റെ തലയ്‌ക്കു മുകളിലൂടെ മറിച്ച് റൂണി ആഴ്‌സന്‍ വെങ്ങറുടെ കുട്ടികളുടെ പതനത്തിന്റെ ആക്കവുംകൂട്ടി (2-0). ജിറോഡ് ഒരെണ്ണം മടക്കിയെങ്കിലും ആതിഥേയരുടെ വിധിമാറ്റാന്‍ അതു പോരായിരുന്നു (2-1). കഴിഞ്ഞ ദിവസം നടന്ന മറ്റുമത്സരങ്ങളില്‍ ചെല്‍സി വെസ്റ്റ്‌ബ്രോമിനെയും (2-0) മാഞ്ചസ്റ്റര്‍ സിറ്റി സ്വാന്‍സിയെയും (2-1) തോല്‍പ്പിച്ചു.
ഒരു ഗോളിനു പിന്നിട്ടു നിന്നശേഷമായിരുന്നു സ്വാന്‍സിയുടെ വെല്ലുവിളിയെ സിറ്റി അതിജീവിച്ചത്. 9-ാം മിനിറ്റില്‍ വിന്‍സെന്റ് ബോണി സ്വാന്‍സിക്ക് ലീഡ് സമ്മാനിച്ചു.
സ്റ്റീവന്‍ ജോവെറ്റിച്ചിലൂടെ (19) സിറ്റി ഒപ്പമെത്തി. ഒടുവില്‍ യായാ ടൂറെ (62) നിവിലെ ചാമ്പ്യന്‍മാര്‍ക്ക് ജയംപതിച്ചു നല്‍കി. വെസ്റ്റ് ബ്രോമിനെതിരെ ചെല്‍സിയുടെ ഡീഗോ കോസ്റ്റ (11), ഈഡന്‍ ഹസാര്‍ഡ് (25) എന്നിവര്‍ സ്‌കോര്‍ ചെയ്തു.
12 റൗണ്ട് പിന്നിടുമ്പോള്‍ ചെല്‍സി (32 പോയിന്റ്) ഒന്നാമനായി നിലകൊണ്ടു. സതാംപ്റ്റന്‍ (25), മാഞ്ചസ്റ്റര്‍ സിറ്റി (24), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (19) എന്നിവര്‍ പിന്നാലെ. 17 പോയിന്റ് മാത്രമുള്ള ആഴ്‌സനല്‍ എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
















