ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ നിരപരാധിയാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ബിസിസിഐ അധ്യക്ഷപദം തിരിച്ചു നല്‍കണമെന്ന് എന്‍. ശ്രീനിവാസന് സുപ്രീം കോടതിയോട് അപേക്ഷിച്ചു. ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ശ്രീനിവാസനെ പരമോന്നതകോടതി മാറ്റിനിര്‍ത്തിയിരുന്നു.
ബിസിസിഐയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് സ്വമേധയാ മാറിനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ തെറ്റുകാരനല്ലെന്നു വ്യക്തമായി. അതിനാല്‍ ആ സ്ഥാനത്ത് തിരിച്ചുകയറാന്‍ അനുവദിക്കണം, സുപ്രീം കോടതിയോട് ശ്രീനിവാസന് അഭ്യര്‍ത്ഥിച്ചു.
ബിസിസിഐയുടെ ചുമതലകളില്‍ നിന്ന് ജൂണിലായിരുന്നു ശ്രീനിവാസന് ഒഴിവായത്. മുന്‍ അധ്യക്ഷനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് മേധാവിയുമായ ജഗ്മോഹന് ഡാല്‍മിയ അന്നുമുതല്‍ സംഘടനയുടെ ദൈനംദിനകാര്യങ്ങള്‍ നോക്കിനടത്തി. ശ്രീനിവാസനെ വെള്ളപൂശി ബിസിസിഐയും കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ഒത്തുകളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റിയുടെ കണ്ടെത്തലുകളെ പാടേ നിരാകരിക്കുന്നതാണ് ബിസിസിഐയുടെ നിലപാട്.
















