കൊല്‍ക്കത്ത: സൂപ്പര്‍താരം ലൂയിസ് ഗാര്‍ഷ്യയുടെ തകര്‍പ്പന്‍ ഗോളില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് വിജയം.
ഇന്നലെ നടന്ന തുല്യശക്തികളുടെ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് അത്ലറ്റികോ കൊല്‍ക്കത്ത 1-0ന് പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 51-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ നിര്‍ണായക ഗോള്‍ പിറന്നത്. വിജയത്തോടെ ഒമ്പത് കളികളില്‍ നിന്ന് കൊല്‍ക്കത്തക്ക് 16 പോയിന്റായി.
ഒമ്പത് കളികളില്‍ നിന്ന് 10 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ആറാം സ്ഥാനത്താണ്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് ഇരുടീമുകളും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ അങ്കത്തിനിറങ്ങിയത്.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്ട്രൈക്കര്‍ ജെയിംസ് കീനിന് പകരം സെനഗല്‍ താരം മസാംബ സാംബൊയെയും സെമിലെന്‍ ഡോംഗലിന് പകരം ദുര്‍ഗ ബോറയെയും കളത്തിലിറക്കിയപ്പോള്‍ അത്ലറ്റികോ ബിശ്വജിത്ത് സാഹക്ക് പകരം മോഹന്‍രാജിനെയും ഇറക്കി.
ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും മികച്ച ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ കഴിഞ്ഞില്ല. കളിയുടെ 15-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ദുര്‍ഗ ഒരു ഷോട്ട് പായിച്ചെങ്കിലും അത്ലറ്റികോ കൊല്‍ക്കത്ത ഗോളി അനായാസം പന്ത് കയ്യിലൊതുക്കി.
പിന്നീട് 30-ാം മിനിറ്റില്‍ കൊല്‍ക്കത്ത നായകന് ലൂയിസ് ഗാര്‍ഷ്യക്ക് അവസരം ലഭിച്ചെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. ഇഞ്ചുറി സമയത്ത് വീണ്ടും കൊല്‍ക്കത്തക്ക് അവസരം ലഭിച്ചതും മുതലാക്കാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കൊല്‍ക്കത്തന്‍ താരങ്ങളുടെ മുന്നേറ്റമായിരുന്നു. 51-ാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കാണുകയും ചെയ്തു. ഇടതുവിംഗില്‍ക്കൂടി പന്തുമായി കയറിയ ജൊ്രെഫ നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ലൂയി ഗാര്‍ഷ്യ നോര്‍ത്ത് ഈസ്റ്റ് വലയിലെത്തിക്കുകയായിരുന്നു.
അധികം വൈകാതെ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും കോകെയുടെ ഷോട്ട് ക്രോസ്ബാറിനെ ഉരുമ്മി പുറത്തുപോയി.
പിന്നീട് സമനിലക്കായി നോര്‍ത്ത് ഈസ്റ്റും ലീഡ് ഉയര്‍ത്താന്‍ കൊല്‍ക്കത്തയും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
















