മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിലീപ് വെങ്‌സര്‍ക്കാര്‍ ആജീവനാന്ത സേവനത്തിനുള്ള കേണല്‍ സി.കെ.നായിഡു പുരസ്‌കാരത്തിന് അര്‍ഹനായി. ഇരുപത്തിയഞ്ച് ലക്ഷം രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് സി.കെ.നായിഡു പുരസ്‌കാരം.
ബിസിസിഐയുടെ ഏറ്റേവും വലിയ പുരസ്‌ക്കാരങ്ങളിലൊന്നായ സികെ നായിഡു അവാര്‍ഡിന് തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ടീമിന്റെ നായകന്‍ കൂടിയായിരുന്ന വെങ്‌സര്‍ക്കാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
1987ല്‍ ഇന്ത്യയെ നയിച്ച വെങ്‌സാര്‍ക്കര്‍ 116 ടെസ്റ്റില്‍ നിന്ന് 6,868 റണ്‍സും 129 ഏകദിനത്തില്‍ നിന്ന് 3,508 റണ്‍സും നേടിയിട്ടുണ്ട്. പതിനേഴ് ടെസ്റ്റ് സെഞ്ച്വറികളും ഒരു ഏകദിന സെഞ്ച്വറിയും സ്വന്തമാണ്.
കേണല്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വെങ്‌സാര്‍ക്കര്‍ 2006 മുതല്‍ രണ്ടു വര്‍ഷം ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്നു. നായിഡു അവാര്‍ഡിന് അര്‍ഹനാകുന്ന 19-മത്തെ വ്യക്തിയാണ് വെങ്‌സര്‍ക്കാര്‍.
വെങ്‌സര്‍ക്കാരിനെ കൂടാതെ ബിസിസിഐ.യുടെ പുരസ്‌കാരങ്ങള്‍ക്ക് മീഡിയം പേസര്‍ ഭുവനേശ്വര്‍കുമാറും അര്‍ഹനായി. ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പോളി ഉമ്രിഗര്‍ അവാര്‍ഡിനാണ് ഭുവി അര്‍ഹനായത്.
നവംബര്‍ 21ന് മുബൈയില്‍ നടക്കുന്ന ബിസിസിഐയുടെ വാര്‍ഷികാഘോഷത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത, ബി.സി.സി. ഐ.യുടെ താത്കാലിക പ്രസിഡന്റ് ശിവലാല്‍ യാദവ്, സെക്രട്ടറി സഞ്ജയ് പട്ടേല്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
















