തിരുവല്ല: തിരുവല്ല സബ്ട്രഷറി റവന്യുടവറിലേക്ക് മാറ്റുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കേരള സ്റ്റേറ്റ് സര്‍വ്വിസ് പെന്‍ഷനേഴ്സ് തിരുവല്ല യുണിറ്റ് സെക്രട്ടറി ടിഎഎന്‍’ഭട്ടതിരിപ്പാട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താക് ഉത്തരവായത്.
തിരുവല്ല റവന്യു ടവറിലെ സെല്ലാര്‍ ഫ്ളോറിലേക്ക് സബ് ട്രഷറി മാറ്റി സ്ഥാപിക്കുന്നതിനായി തിരക്കിട്ട് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. റവന്യുടവറിന്റെ അടിത്തട്ടിലേക്ക് സബ്ട്രഷറി നീക്കുന്നത് എല്ലാത്തരത്തിലും മുതിര്‍ന്ന പൗരന്മാരെ ബുദ്ധിമുട്ടിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആറായിരത്തിലധികം പെന്‍ഷന്‍കാര്‍ തിരുവല്ല ട്രഷറിയെ വിവിധ സേവനങ്ങള്‍ക്കായി ആശ്രയിക്കുന്നുണ്ട്.
നിലവില്‍ അയ്യായിരത്തോളം ചതുരശ്രഅടി വിസ്തൃതിയുള്ള കെട്ടിടത്തിലാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കുറഞ്ഞ സ്ഥലത്തേക്കാണ് ട്രഷറി മാറ്റാന്‍ നീക്കം നടക്കുന്നത്. സെല്ലാര്‍ ഫ്ളോറിലേക്കുള്ള ചവിട്ടുപടികള്‍ കയറിയിറങ്ങാന്‍ മുതിര്‍ന്ന പൗരന്മാര് ഏറെദുരിതം അനുഭവിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മാത്യു ടി തോമസ് എംഎല്‍എയും ജില്ലാ വികസനസമിതി യോഗവും ട്രഷറിയുടെ പ്രവര്‍ത്തനം റവന്യു ടവറിലേക്ക് മാറ്റരുതെന്ന് നി ര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്ഥലപരിമിതിയും മുന്തിയ വാടകയും പെന്‍ഷന്‍കാരുടെ അസൗകര്യവും കണക്കാക്കി റവന്യുടവറിലേക്ക് സബ്ട്രഷറി മാറ്റുന്നതിനെ എതിര്‍ത്ത് 2006 ഏപ്രില്‍ 4ന് ധനവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക് കത്ത് നല്കിയതും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കൂടാതെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പ്രശ്നത്തില്‍ ഇടപെട്ടു.
അപര്യാപ്തതകള്‍ ഏറെയുള്ള റവന്യുടവറിലേക്ക് ട്രഷറി മാറ്റുന്നത് മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുമെന്ന് കമ്മീഷന് കണ്ടെത്തി. അസൗകര്യങ്ങള്‍ നിറഞ്ഞ സ്ഥലത്തേക്ക് ട്രഷറി മാറ്റുന്നത് പൊതുജന താല്‍പ്പര്യങ്ങള്‍ക്കും സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളെയും ബാധിക്കും. പെന്‍ഷന്‍കാരുടെ പരാതികളില്‍ കഴമ്പുണ്ടെന്നും യുക്തമാണെന്നും കമ്മീഷന് വിലയിരുത്തി.
തിരുവല്ലയില്‍ നടന്ന സിറ്റിംഗിലാണ് ഇതുസംബന്ധിച്ച് ധനവകുപ്പിനും ട്രഷറി ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും നിര്‍ദ്ദേശം നല്കാന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: