ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന് എതിരാൡകള്‍ ദല്‍ഹി ഡൈനാമോസ്. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കുശേഷം വിജയം ലക്ഷ്യമാക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എവേ പോരാട്ടത്തില്‍ ഡൈനാമോസിനെ നേരിടാന്‍ ഇറങ്ങുന്നത്. അതേസമയം ദല്‍ഹിയാകട്ടെ കഴിഞ്ഞ മത്സരത്തില്‍ ഗോവയോടേറ്റ ദയനീയ പരാജയത്തില്‍ നിന്ന് മുക്തി നേടി വിജയവഴി കണ്ടെത്താനും ലക്ഷ്യമിട്ടായിരിക്കും ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇറങ്ങുക. രാത്രി 7നാണ് കിക്കോഫ്.
കഴിഞ്ഞദിവസം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനില പാലിച്ചു. എട്ട് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തും 7 പോയിന്റുള്ള ദല്‍ഹി ഡൈനാമോസ് എട്ടാം സ്ഥാനത്തുമാണ്.
മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമാണ് ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നത്. കഴിഞ്ഞ മത്സരങ്ങൡലെല്ലാം മധ്യനിരയില്‍ കളം അടക്കി വാണിട്ടും ഇയാന്‍ ഹ്യൂം, സി.എസ്. സബീത്ത്, മിലാഗ്രസ് ഗൊണ്‍സാല്‍വസ്, പെന്‍ ഓര്‍ജി തുടങ്ങിയവര്‍ ലക്ഷ്യബോധം മറന്നതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. മധ്യനിരിയില്‍ പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ ഗംഭീര പ്രകടനം നടത്തി മുന്നേറ്റനിരക്കാര്‍ക്ക് യഥേഷ്ടം പന്ത് നല്‍കിയിട്ടും അത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തത് ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
പ്രതിരോധത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് പേടിക്കാനൊന്നുമില്ല. യുവതാരം സന്ദേശ് ജിന്‍ഗാന്‍ ഗംഭീര പ്രകടനമാണ് പ്രതിരോധത്തില്‍ കഴിഞ്ഞ കളികളില്‍ പുറത്തെടുത്തത്. മാത്രമല്ല റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്ബാര്‍ട്ട്, കോളിന്‍ ഫാല്‍വേ, സൗമിക് തുടങ്ങിയവരും പ്രതിരോധത്തില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എങ്കിലും ഡെല്‍പിയറോ, മാഡ്‌സ് ജുന്‍കര്‍ എന്നിവരടങ്ങിയ ഡൈനാമോസ് മുന്നേറ്റനിരയെ തടഞ്ഞുനിര്‍ത്തുക എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് കനത്ത വെല്ലുവിളിതന്നെയാണ്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഗോവ എഫ്‌സിയോട് തകര്‍ന്നതിന്റെ ക്ഷീണത്തിലാണ് ദല്‍ഹി ഡൈനാമോസ്. ഈ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഡൈനാമോസ് സ്വന്തം സ്‌റ്റേഡിയത്തില്‍ പരാജയപ്പെട്ടത്. സൂപ്പര്‍താരം ഡെല്‍ പിയറോയുടെ ഫോമില്ലായ്‌മയാണ് ദല്‍ഹിയെ അലട്ടുന്നത്. മധ്യനിരയില്‍ ബ്രൂണോ ഹെരേരോ, ഹെന്റിക്വെ ഡിനിസ് തുടങ്ങിയവര്‍ മധ്യനിരയിലെ കരുത്തന്മാരാണ്. ഡെല്‍പിയറോക്ക് പുറമെ മോര്‍ട്ടന്‍ സ്‌കുബൊ, മാഡ്‌സ് ജുന്‍കര്‍ എന്നിവരാണ് ടീമിലെ പ്രധാന സ്‌ട്രൈക്കര്‍മാര്‍. എന്തായാലും പരാജയക്കെട്ട് പൊട്ടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും തിരിച്ചുവരവിനായി ഡൈനാമോസും ഇറങ്ങുമ്പോള്‍ ആവേശകര പോരാട്ടത്തിനായിരിക്കും ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.
















