പാട്ന: സംസ്ഥാനത്തിന് പ്രത്യേക പദവിയും അനിശ്ചിതമായി മാറ്റി വച്ചിരിക്കുന്ന മറ്റാവശ്യങ്ങളും പരിഗണിക്കാമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കാമെന്ന് ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മാഞ്ചി.
ബീഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിക്കുക, ദേശീയപാതയ്ക്ക് വേണ്ടി സംസ്ഥാനം ചെലവഴിച്ച ആയിരം കോടി രൂപ തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ നരേന്ദ്രമോദിയെ പിന്തുണയ്ക്കുമെന്ന് ബാര്‍ സൂപ്പര്‍ താപവൈദ്യുത നിലയത്തിന്റെ നാലാം ഘട്ടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മാഞ്ചി പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രിസഭയില്‍ ബീഹാറിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചതു കണ്ടിട്ട് തനിക്ക് തോന്നുന്നത് സംസ്ഥാനത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണെന്നും പൊതു പരിപാടിക്കിടെ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി അദ്ദേഹം പറഞ്ഞു.
ഏഴു സഹോദരന്മാര് കേന്ദ്രത്തില്‍ മന്ത്രിമാരായി ഉണ്ടെന്നും അവര്‍ ബീഹാറിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുതിര്‍ന്ന ജെഡിയു നേതാവ് നിതീഷ് കുമാറിനെ അപ്രസക്തനാക്കി മാഞ്ചി തുറന്നടിച്ചു.
















