കൊല്‍ക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസിലെ പ്രധാനപ്രതി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷ് ജയിലിനുള്ളില്‍ ആത്മഹത്യക്കുശ്രമിച്ചു. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ വെച്ചാണ് ആത്മഹത്യാശ്രമം. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുനാലിന്റെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനെയും ഡോക്ടറെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സസ്‌പെന്റ് ചെയ്തു.
ചിട്ടി തട്ടിപ്പില്‍ പങ്കുള്ള മുഴുവന്‍ പേര്‍ക്കുമെതിരെ ശരിയായ നടപടി സ്വീകരിക്കാന്‍ സിബിഐക്ക് സാധിക്കുന്നില്ലെന്നും താന്‍ ജീവിതം അവസാനിപ്പിക്കുമെന്നും ദിവസങ്ങള്‍ക്കുമുമ്പ് കുനാല്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.
58 ഉറക്കഗുളികകള്‍ കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇക്കാര്യം ആത്മഹത്യാക്കുറിപ്പില്‍ കുനാല്‍ എഴുതിയിട്ടുമുണ്ട്.
ആത്മഹത്യചെയ്യുമെന്ന് ഭീഷണി ഉയര്‍ത്തിയതിനെതുടര്‍ന്ന് കുനാല്‍ ഘോഷില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് ജയില്‍ അധികൃതരുടെ ഭാഷ്യം. സെല്ലിനുള്ളില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്തിയില്ലത്രേ.
കേസുമായി ബന്ധപ്പെട്ട് നവംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുനാല്‍ ഘോഷ് ഭീഷണി സന്ദേശം ഉയര്‍ത്തിയത്. കേസില്‍ പങ്കുള്ളവര്‍ക്കെതിരെ മൂന്നു ദിവസത്തിനുള്ളില്‍ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി.
അന്വേഷണത്തെ ചിലര്‍ സ്വാധീനിക്കുന്നുണ്ടെന്നും. താന്‍ മാത്രം ജയിലില്‍ കിടക്കുന്നതും തട്ടിപ്പില്‍ പങ്കുള്ളവര്‍ പുറത്ത് സ്വതന്ത്രമായി നടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അരവിന്ദ് മിശ്രയ്‌ക്കുമുമ്പാകെ ദിവസങ്ങള്‍ക്ക് മുമ്പ് കുനാല്‍ ഘോഷ് പറഞ്ഞിരുന്നു.
വിവാദ ചിട്ടിതട്ടിപ്പില്‍ അറസ്റ്റിലായ തൃണമൂലിന്റെ ഏക അംഗം കുനാല്‍ ഘോഷാണ്. കേസില്‍ അറസ്റ്റിലായതിനുശേഷം നിരവധി തവണ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് കുനാല്‍ തുറന്നടിച്ചിരുന്നു.
ശാരദ ഗ്രൂപ്പിന്റെ അധ്യക്ഷന്‍ സുധീപ സെന്നിനെയും കുനാല്‍ ഘോഷിനെയും കഴിഞ്ഞവര്‍ഷം നവംബര്‍ 23-നാണ് അഴിമതിയുമായി ബന്ധപ്പെട്ട് കശ്മീരില്‍ നിന്നും പശ്ചിമബംഗാള്‍ പോലീസ് അറസ്റ്റു ചെയ്തത്. 2014 ആദ്യത്തോടെയാണ് കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
















