ന്യൂദല്‍ഹി: എതിര്‍ രാഷ്‌ട്രീയ ചേരികളിലുള്ളവരെ ശത്രുക്കളായി കരുതരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിംഗ്.
നെഹ്‌റു ഒരിക്കലും തന്റെ എതിര്‍ ചേരിയില്‍ നിന്ന പ്രത്യയശാസ്ത്ര വിരുദ്ധരോട് ശത്രുത കാണിച്ചിട്ടില്ല. ചൈനാ ആക്രമണത്തെ തുടര്‍ന്ന് 1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസിനെ അദ്ദേഹം ക്ഷണിച്ച കാര്യം സിംഗ് ഓര്‍മിപ്പിച്ചു.
രാഷ്‌ട്രീയ എതിരാളികളോട് ഒരിക്കലും വിദ്വേഷം കാട്ടരുത്. ജനമനസ്സുകളില്‍ ഭയം സൃഷ്ടിക്കുകയും അരുത്. മറിച്ച് അവരുടെ ഉള്ളില്‍ ആത്മവിശ്വാസം ജനിപ്പിക്കണം. അത്തരത്തില്‍ വേണം രാഷ്‌ട്രീയക്കാര്‍ പ്രവര്‍ത്തിക്കാനെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.
















