ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി)യും ആള് ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയ (എജെഎസ്യു)നും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. എജെഎസ്യുവിന് എട്ടും എല്‍ജെപിക്ക് ഒന്നും സീറ്റുകള്‍ ബിജെപി നല്‍കിയിട്ടുണ്ട്. ആകെ 81 സീറ്റാണ് നിയമസഭയില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മത്സരിക്കുന്ന ബിജെപിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, ഈ രണ്ടുപാര്‍ട്ടികളും എന്‍ഡിഎയുടെ ഭാഗമായി തുടരുമെന്നു പറഞ്ഞു. എജെഎസ്യു അദ്ധ്യക്ഷനും മുന്‍ ഉപ മുഖ്യമന്ത്രിയുമായ സുധേഷ് മഹാതോ എന്‍ഡിഎ സംസ്ഥാനത്ത് വമ്പിച്ച ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നു പ്രസ്താവിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് എന്‍ഡിഎ അധികാരത്തില്‍ വരേണ്ടതുണ്ടെന്ന് എല്‍ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബബ്ബന് ഗുപ്ത പറഞ്ഞു.
















