സുഖത്തിന്റെ പിന്നാലെ ദുഃഖം വരുന്നു; അവ അകന്നോ അടുത്തോ ആവാം. ജീവന്‍ പുരോഗമിക്കുന്തോറും, കൂടുതല്‍ വേഗത്തില്‍ അവ മാറിമാറി വരുന്നു.
നമുക്കു വേണ്ടതു സുഖവുമല്ല ദുഃഖവുമല്ല.” രണ്ടും, നമ്മുടെ യഥാര്‍ത്ഥസ്വരൂപം വിസ്മരിപ്പിക്കുന്നു; രണ്ടും ചങ്ങലകള്‍; ഒന്ന് ഇരുമ്പ്, ഒന്നു സ്വര്‍ണം. രണ്ടിനും പിന്നിലാണാത്മാവ്, അതു സുഖവും ദുഃഖവും അറിയുന്നില്ല. ഇവ ഓരോ അവസ്ഥകളാണ്. അവസ്ഥകള്‍ സദാ മാറിയേ തീരൂ. ആത്മസ്വരൂപമാകട്ടെ ആനന്ദമാണ്. അവ്യയശാന്തിയാണ്.
അതു നാം നേടേണ്ടതില്ല; നമുക്കുണ്ട്; അഴുക്കു കഴുകിക്കളഞ്ഞ് അതു കണ്ടുകൊള്‍ക. ആത്മാവില്‍ നിലയുറപ്പിക്കുക, അപ്പോഴേ ഉലകത്തെ ഉണ്മയില്‍ സ്‌നേഹിക്കാനാവൂ. വളരെയേറെ ഉയര്‍ന്ന ഒരു നിലപാട് കൈക്കൊള്ളുക.
നമ്മുടെ സര്‍വ്വാത്മസ്വരൂപം അറിഞ്ഞ്, ദൃശ്യപ്രപഞ്ചത്തെ മുഴുവന്‍ തികഞ്ഞ അക്ഷോഭ്യതയോടെ കാണണം. ഇതൊക്കെ തനി കുട്ടിക്കളി, നാമതറിയുന്നുമുണ്ട്; അതുകൊണ്ട് അതിനു നമ്മെ ഇളക്കാനൊക്കില്ല. സ്തുതികൊണ്ടു മനം കുളിരുന്ന പക്ഷം, നിന്ദകൊണ്ട് എരിയും. ഇന്ദ്രിയസുഖങ്ങളൊക്കെയും, മാനസികസുഖംപോലും, ക്ഷണികമാണ്.
സത്യവും നിരപേക്ഷവുമായ സുഖം ഒന്നിനെയും ആശ്രയിക്കാതെ നമ്മുടെ ഉള്ളില്‍ത്തന്നെ കുടികൊള്ളുന്നു. അതു സമ്പൂര്‍ണ്ണം, സ്വതന്ത്രം, അത് ആനന്ദം. നമ്മുടെ ആനന്ദം എത്ര ആന്തരികമോ നാം അത്ര ആദ്ധ്യാത്മികതയുള്ളവരാണ്.
















