ജമ്മു: ജമ്മു കാശ്മീരിലെ മച്ചില്‍ മൂന്ന് യുവാക്കളെ വെടിവച്ചു കൊന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കമാന്‍ഡിംഗ് ഓഫീസറടക്കം ഏഴ് സൈനികര്‍ക്ക് സൈനിക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇവരുടെ സൈനിക ആനുകൂല്യങ്ങളും റദ്ദാക്കി.
സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന വാഗ്ദാനം നല്‍കി ബാരാമുള്ള സ്വദേശികളായ ഷഹസാദ് അഹമ്മദ് ഖാന്‍, റിയാസ് അഹമ്മദ് ലോല്‍, മുഹമ്മദ് ഷാപി ലോല്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2010 ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആയുധങ്ങളും വെടിക്കോപ്പുകളും സഹിതം വടക്കന്‍ കാശ്‌മീരിലെ മച്ചില്‍ എന്ന പ്രദേശത്തുകൂടി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരരാണ് വെടിവയ്‌പില്‍ കൊല്ലപ്പെട്ടവര്‍ എന്നായിരുന്നു സേന അറിയിച്ചിരുന്നത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയുകയായിരുന്നു.
















