മായയ്‌ക്ക് അതീതമാണ് ബ്രാഹ്മ്യാവസ്ഥ. ഈ അവസ്ഥയെ പ്രാപിക്കുന്നതുവരെ ഒരാളെ സംശയങ്ങള്‍ പിന്തുടര്‍ന്നു എന്നുവരാം. അര്‍ജ്ജുനന് ഭഗവാന്റെ വിശ്വരൂപ ദര്‍ശനം സിദ്ധിച്ചു. പക്ഷേ പിന്നീട് അദ്ദേഹം താനായില്ലെ! ഇതിനു നമുക്ക് എന്ത് സമാധാനമാണു പറയാനുള്ളത്. അര്‍ജുനന്‍ പരിപൂര്‍ണ്ണമായ വിജ്ഞാനാവസ്ഥയില്‍ എത്തിയിട്ടില്ലായിരുന്നു. ബ്രാഹ്മ്യാവസ്ഥയെ പ്രാപിച്ചിട്ടില്ല. ഗീതോപദേശത്തിന്റെ ഉദ്ദേശ്യം അര്‍ജ്ജുനനു സമാധിമൂലം നിഷ്‌ക്രിയനാക്കാന്‍ അല്ലായിരുന്നു. മറിച്ച് അദ്ദേഹത്തെ കര്‍മ്മോന്മുഖനാക്കി ക്ഷേത്രധര്‍മ്മത്തെ ഉത്തേജിപ്പിക്കുന്നതിനായിരുന്നു. കര്‍മ്മാനുഷ്ഠാനമായിരുന്നു അപ്പോഴത്തെ ആവശ്യം. കൂടാതെ അത് ഈശ്വരകാര്യനിര്‍വഹണത്തിന്റെ ഒരു ഭാഗമായിരുന്നതിനാല്‍ അതിലേക്ക് അര്‍ജ്ജുനനെ ഒരു ഉപകരണമാക്കി തീര്‍ക്കേണ്ടതും അനിവാര്യമായിരുന്നു. അതിനാല്‍ ഭഗവാന്‍ ധര്‍മ്മതത്വത്തേയും കര്‍മ്മയോഗത്തെയും വിശദീകരിച്ചു.
അവതാര തത്വത്തെ പുരസ്‌കരിച്ച് അമ്മ വീണ്ടും തുടര്‍ന്നു. അത്യന്തം ഗുപ്തവും സാര്‍വലൗകികവും ദിവ്യവുമായ ഒരു മഹല്‍ കാര്യത്തിനുവേണ്ടി ഈശ്വരന്‍ മര്‍ത്യലോകത്തില്‍ ഒരു മനുഷ്യനായി അവതരിക്കുന്നു.
ഭഗവാന്റെ മനുഷ്വത്വമാകുന്ന കഞ്ചുകത്തെ ഭേദിച്ച് പരമഭക്തന്‍ താന്‍ നിരവധി ജന്മങ്ങളായി ആരാധിച്ചുവന്ന ഇഷ്ടദേവനെ തിരിച്ചറിയുന്നു. ആ സഗുണേശ്വര ലീലകള്‍ കണ്‍കുളിര്‍ക്കെകണ്ട് നിരന്തരമുള്ള ആ ദിവ്യസന്നിധിയില്‍ ഭക്തന്‍ നിത്യാനന്ദം അനുഭവിക്കുന്നു.
പെട്ടെന്നു അമ്മ മഹത് മഹിളകളുടെ നേര്‍ക്ക് തിരിഞ്ഞു രാധാദേവിയുടെ മധുരഭാവത്തെ ഹൃദയസ്പര്‍ശകമായ ഭവനത്തില്‍ ഇങ്ങനെ പറഞ്ഞുതുടങ്ങി.
വൃന്ദാവനത്തിലെ നിത്യറാണിയായ രാധ മധുരഭാവത്തിന്റെ ഒരു പ്രതിരൂപം തന്നെയാണ്. ഈശ്വരനുമായുള്ള ഗഹനമായ ഗാഢസൗഹൃദത്തിന്റെ പരമകാഷ്ഠയാണവര്‍. പരിശുദ്ധിയുടെയും ഉല്‍കൃഷ്ടമായ ദിവ്യപ്രേമത്തിന്റെയും പര്യായമായ രാധ ഭക്തിപ്രധാനമായ സാഹിത്യത്തില്‍ ഏറെക്കുറെ നിസ്തൂലയായി പ്രശോഭിക്കുന്നു. രാധയുടെ തീവ്രഭാവത്തിന്റെ അഗാധതയോ പരമായ ത്യാഗമോ കൃഷ്ണനോടുള്ള അളവറ്റ പ്രേമമോ യാതൊരാള്‍ക്കും മനസിലാക്കുവാന്‍ സാദ്ധ്യമല്ല.
പരമാനന്ദപ്രദവും സ്വയം വിസ്മരിച്ച്‌കൊണ്ടുള്ളതും ആനന്ദനിര്‍വൃതി നല്‍കുന്ന ആരാധനയാണു രാധ. അവരുടെ ദൃഷ്ടിയില്‍ കൃഷ്ണന്‍ ഒരു മനുഷ്യനല്ലായിരുന്നു.
















