നയ്പയ്ത : പത്തു ദിവസത്തെ വിദേശ സന്ദര്‍ശനത്തിനു പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മാറിലെത്തി. നയ്പയ്ത വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മ്യാന്മാര് ആരോഗ്യമന്ത്രി താന്‍ ഓംഗ് സ്വീകരിച്ചു .പന്ത്രണ്ടാമത് ആസിയാന്‍ ഉച്ചകോടിയിലും ഒന്‍പതാമത് കിഴക്കന്‍ ആസിയാന്‍ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും .
പ്രസിഡന്റ് തെന് സീനുമായും പ്രതിപക്ഷ നേതാവ് ആംഗ് സാന്‍ സ്യൂകിയുമായും അദ്ദേഹം ചര്‍ച്ച നടത്തും പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്രമോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയാണിത്..
നയതന്ത്രപരമായും സുരക്ഷാകാരണങ്ങളാലും മ്യാന്മാറുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് . അടിസ്ഥാന സൗകര്യ വികസനങ്ങളിലുള്പ്പെടെയുള്ള സഹകരണം ഇന്ത്യയില്‍ നിന്നും മ്യാന്മാറും പ്രതീക്ഷിക്കുന്നു . ഇന്ത്യ , തായ് ലന്‍ഡ് , മ്യാന്മാര് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 3200 മീറ്റര്‍ ഹൈവേയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകുമെന്ന് കരുതപ്പെടുന്നു .
2017 ല്‍ അവസാനിക്കേണ്ട ഈ റോഡ് നിര്‍മ്മാണ പദ്ധതി 2018 വരെ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .
കള്ളപ്പണ നിക്ഷേപം തടയുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനും ഇന്ത്യ ഇടപെടലുകള്‍ നടത്തും. സാമ്പത്തിക വളര്‍ച്ച, വാണിജ്യരംഗത്തെ സഹകരണം എന്നിവയും ഇന്ത്യയുടെ പ്രധാന പരിഗണനകളാണ്.
ആഗോള സമ്പദ് വ്യവസ്ഥയുടെ 85 ശതമാനവും കൈയ്യാളുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20 ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാടുകള്‍ നിര്‍ണ്ണായകമാകും. 28 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കൊപ്പം ഓസ്ട്രേലിയന്‍ പാര്‍ലമെന്റിനെയും ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.
നവംബര്‍ 14 ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സെ ആബെ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി സംബന്ധിക്കും. 40 രാഷ്ട്രത്തലവന്മാരുമായി മോദി കൂട്ടിക്കാഴ്ച നടത്തും. മ്യാന്മര് സന്ദര്‍ശനത്തിനു ശേഷം മോദി ആസ്ത്രേലിയയും ഫിജിയും സന്ദര്‍ശിക്കും .
15 16 തീയതികളില്‍ ബ്രിസ്ബെയ്നില്‍ നടക്കുന്ന ജി 20 സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും . 19 ന് ഫിജിയിലെത്തുന്ന നരേന്ദ്രമോദി ഫിജി പാര്‍ലമെന്റിലും പ്രസംഗിക്കും. പത്തു ദിവസത്തെ സന്ദര്‍ശനത്തില്‍ ചൈന, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ, സ്പെയിന് എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരുമായും പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തും. 20 നാണ് മോദി മടങ്ങിയെത്തുക.
















