തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ മഠാധിപതിയായിരുന്നു സ്വാമി മൃഢാനന്ദ. നാല്‍പ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു സ്വാമിജി. 1981 ല്‍ സ്വാമിജിക്കു സാഹിത്യ അക്കാദമിയുടെ പുരസ്‌കാരവും ലഭിച്ചു. 2005 മാര്‍ച്ച മാസത്തിലാണ് സ്വാമിജി കഥാവശേഷനായത്.
കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ ആര്‍എസ്എസ്, മാര്‍ക്‌സിസ്റ്റ് സംഘട്ടനം നടന്നുകൊണ്ടിരുന്ന ഒരു സമയത്താണ് ഞാന്‍ സ്വാമിജിയുടെ അടുത്തെത്തിയത്. സ്വാമിജിയുമായി പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. അതിനിടയില്‍ തലശ്ശേരി ഭാഗങ്ങളിലെ സംഘട്ടനങ്ങളും സംസാര വിഷമായി. സംസാരത്തിനിടില്‍ സ്വാമിജി ചോദിച്ചു.
”എന്തിനാ മനുഷ്യനിങ്ങനെ കൊടിയുടെ നിറങ്ങളും വിശ്വാസങ്ങളും നോക്കി പരസ്പ്പരം തമ്മില്‍ തല്ലി ചാകുന്നത്? മനുഷ്യന്റെ ജീവന്‍ കൊല്ലുവാനും കൊല്ലിക്കുവാനും ഉള്ളതാണോ? “Each Soul is potentially devine” എന്നല്ലേ വിവേകാനന്ദ സ്വാമികള്‍ നമ്മെ പഠിപ്പിച്ചത്. വ്യക്തികളെ ഇല്ലായ്‌മ ചെയ്താല്‍ ചിന്താധാരകള്‍ നശിക്കുമോ? ഇല്ല. ശ്രീരാമകൃഷ്ണ ദേവനും സ്വാമി വിവേകാനന്ദനും സമാധിയായിട്ടും അവരുടെ ആശയങ്ങള്‍ ഇന്നും മനുഷ്യ മനസ്സുകളില്‍ വളരുന്നില്ലേ?
സഹജീവികളോട് കരുണയില്ലാത്ത, ആത്മീയദര്‍ശനമില്ലാത്ത ഭൗതികങ്ങളായ വരട്ടുവാദങ്ങളും തത്വങ്ങളും സമാജത്തില്‍ ഭീതിയും അരാജകത്വവും മാത്രമേ വളര്‍ത്തൂ. പുതിയ തലമുറ വിവേകാനന്ദ ദര്‍ശനം പഠിക്കണം, പഠിപ്പിക്കണം. ബാഹ്യനേത്രങ്ങള്‍കൊണ്ട് കാണുവാന്‍ കഴിയാത്ത, മനക്കണ്ണുകൊണ്ട് മാത്രം കാണുവാന്‍ കഴിയുന്ന എത്രയോ സത്യങ്ങളുണ്ട്. അവ അറിയണമെങ്കില്‍ അനുഭവമാകണമെങ്കില്‍ കൊടികള്‍ താഴെവച്ച് ആത്മനിഷ്ഠമായ അനുഭവത്തിനായി തപം ചെയ്യണം. ഇതൊക്കെ ”പുരോഗമനവാദി”കളോടു പറഞ്ഞാല്‍ എനിക്ക് നല്ല സുഖമില്ലെന്നു പറയും.
സ്വാമിജി വെറുതെ ചിരിച്ചു. മനുഷ്യസ്‌നേഹിയായിരുന്ന ആ ആത്മീയാചാര്യന്റെ വാക്കുകള്‍ക്കിന്ന് പ്രസക്തി ഏറിവരുന്നു. കൊല വിളികള്‍ക്കിടയില്‍ ആരുണ്ട് ഇവിടെ ഇതു ശ്രവിക്കുവാന്‍?
സി.എ.ശശിധരന്‍നായര്‍,
തൊടുപുഴ
















