ന്യൂദല്‍ഹി: രാജ്യത്തെ 30 ശതമാനം സ്കൂള്‍ വിദ്യാര്‍ത്ഥികളും സൈബര്‍കുറ്റകൃത്യങ്ങള്‍ നേരിടുന്നവരെന്ന് സര്‍വ്വെ. അപകീര്‍ത്തിപ്പെടുത്തുക, ഹാക്കിംഗ്, ഭീഷണിപ്പെടുത്തുക എന്നീ കുറ്റകൃത്യങ്ങളാണ് ഇവയിലേറെയും. രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ ടെലികോം കമ്പനിയായ യൂണിനോര്‍ നടത്തിയ പഠനസര്വ്വെയാണിത്. 30 ശതമാനം സ്കൂള്‍ കുട്ടികളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലൂടെ പല തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നേരിടുന്നുണ്ടെന്ന് സര്‍വ്വെയില്‍ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിലെ 29 സ്കൂളുകളിലെ 10,500 വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടന്ന വെബ് വൈസ് പരിപാടിയുടെ ഭാഗമായിരുന്നു സര്‍വ്വെ. 34 ശതമാനം കുട്ടികളും രക്ഷിതാക്കളോട് അവരുടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നില്ലെന്നും സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. സ്കൂള്‍ പ്രൊജക്ടിനുവേണ്ടി ഗവേഷണം നടത്തുക, സോഷ്യല്‍ നെറ്റ്വര്ക്കിംഗ്, ഡൗണ്‍ലോഡിംഗ് മ്യൂസിക്, സിനിമകള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ഇന്റര്‍നെറ്റ് ആക്ടിവിറ്റികള്‍.
ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെ 35,000 കുട്ടികള്‍ക്ക് വെബ്വൈസ് പരിപാടിയിലൂടെ പരിശീലനം യുണിനോര്‍ നല്‍കും. ഓണ്‍ലൈന്‍ രംഗത്തെ സ്വയരക്ഷക്ക് സഹായിക്കുന്ന സംവിധാനങ്ങളാണ് വെബ്വൈസ് മുന്നോട്ടുവെക്കുന്നത്. മാര്‍ച്ചുവരെ 15000 കുട്ടികള്‍ക്ക് ഇതുവഴി പരിശീലനം നല്‍കിയെന്ന് യുണിനോര്‍ സിഇഒ മോര്‍ട്ടെന്‍ കാള്‍സെന്‍ സോര്ബി പറഞ്ഞു.
അടുത്ത വര്‍ഷം ജനുവരിയോടെ 20,000 കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
















