ന്യൂദല്‍ഹി: ജീവിതം സഫലമാക്കിയാല്‍ മാത്രം പോരാ സാര്‍ത്ഥകമാക്കുകയും വേണമെന്ന് പ്രചോദിപ്പിച്ച വ്യക്തിത്വത്തിനുടമായായിരുന്നു ഏകനാഥ റാനഡെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ജീവിത സന്ദേശം ഇത്തരത്തില്‍ സാര്‍ത്ഥകമാക്കിയ, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വിജയിച്ച ഏകനാഥ റാനഡെയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാരംഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ഒരു ജീവിതം ഒറ്റ ആദര്‍ശം എന്ന ആഹ്വാനം യുവജനതയ്‌ക്ക് നല്‍കിയ ഏകനാഥ റാനഡെയുടെ ജീവിതം മാതൃകാപരമായിരുന്നു. എന്തുചെയ്യുമ്പോഴും അതിന്റെ സൂക്ഷ്മാംശങ്ങള്‍ അദ്ദേഹം നിരീക്ഷിക്കുമായിരുന്നു. എന്തും ഭാവിയിലേക്ക് എങ്ങനെ പ്രയോജനകരമാകുമെന്നു വിലയിരുത്തിയിരുന്നു. ആദര്‍ശപരമായി എതിര്‍ ദിശയില്‍ നില്‍ക്കുന്നവരെക്കൂടി പങ്കെടുപ്പിക്കുന്നതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. എന്തു ചെയ്യുമ്പോഴും ആത്മീയതയും അര്‍പ്പണബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. സ്വാമി വിവേകാനന്ദന്‍ സങ്കല്‍പ്പിച്ചത് സഫലമാക്കുക മാത്രമല്ല, സാര്‍ത്ഥകമാക്കുക കൂടിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആ ജീവിതത്തെ ഒരു സ്വയം സേവകനെന്ന നിലയില്‍ അടുത്തിടപഴകി മനസിലാക്കാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചു. അദ്ദേഹത്തിന്റെ ജീവിത സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ജന്മശതാബ്ദി വര്‍ഷത്തില്‍ സാധിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കന്യാകുമാരിയില്‍ വിവേകാനന്ദകേന്ദ്രം കെട്ടിപ്പടുക്കാന്‍ ഏകനാഥ റാനഡെ നടത്തിയ അശ്രാന്ത പരിശ്രമം അദ്ദേഹത്തിനു മാത്രം സാധ്യമായതാണ്. അക്കാലത്ത് രാഷ്‌ട്രീയമായി വലിയ ശക്തിയൊന്നുമല്ലാതിരുന്ന നമ്മുടെ ഉദ്യമത്തിന് രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലേയും സര്‍ക്കാരുകളുടെ പിന്തുണ നേടിയെടുക്കാന്‍ റാനഡെജിക്കു സാധിച്ചത് വലിയ വെല്ലുവിളിയായിരുന്നു. നാല്‍പ്പതു വയസ്സിനു മുകളിലുള്ള രാജ്യത്തെ ജനങ്ങളോട് നാം ചോദിച്ചാല്‍ അവര്‍ പറയും കന്യാകുമാരിയിലെ വിവേകാനന്ദകേന്ദ്രത്തിനായി ഞാനും ഒരു രൂപ നല്‍കിയിട്ടുണ്ടെന്ന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളെ ഈ ഉദ്യമത്തിലേക്ക് പങ്കാളികളാക്കിയ അദ്ദേഹത്തിന്റെ രീതികള്‍ അവിസ്മരണീയമാണ്, മോദി പറഞ്ഞു.
ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ച കാലത്ത് ഏകനാഥ റാനഡെയുമായി അടുത്തിടപെഴകിയതിന്റെ നിരവധി അനുഭവങ്ങള്‍ പ്രധാനമന്ത്രി സദസിനു പങ്കുവെച്ചു. നരേന്ദ്രമോദി ചുമതല വഹിച്ച സംഘശിബിരത്തില്‍ റാനഡെജിയുടെ സന്ദര്‍ശനസമയത്തെ സംഭവങ്ങളും അദ്ദേഹത്തോടൊപ്പം നടത്തിയ യാത്രകളുടെ അനുഭവങ്ങളും മോദി പറഞ്ഞു. ഒരു കാര്യകര്‍ത്താവിനെ വളര്‍ത്തിക്കൊണ്ടുവരുന്നതിനായി ഏകനാഥ റാനഡെ നടത്തിയ സസൂഷ്മ ശ്രദ്ധയും നിശ്ചയിച്ചുറപ്പിച്ച കാര്യസാധ്യത്തിനായി സ്വന്തം കഴിവുകളുപയോഗിക്കുന്ന അദ്ദേഹത്തിന്റെ രീതികളും പ്രശംസനീയമാണ്. വിവേകാനന്ദപ്പാറയില്‍ നിര്‍മ്മിച്ച സ്വാമി വിവേകാനന്ദന്റെ വലിയ പ്രതിമയ്‌ക്കാവശ്യമായ കല്ലുകള്‍ തെരഞ്ഞെടുക്കുന്നതിലുള്‍പ്പെടെ അദ്ദേഹം കാട്ടിയ സൂക്ഷ്മത ഏകനാഥ റാനഡെയ്‌ക്ക് മാത്രം അവകാശപ്പെടാനാവുന്ന ദീര്‍ഘദര്‍ശിത്വത്തിന്റെ അടയാളങ്ങളായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭവ്യവും ദിവ്യവുമായ ഭാരതത്തിന്റെ നിര്‍മ്മാണത്തിനായി അദ്ദേഹത്തിന്റെ ജീവിതം നമുക്ക് പ്രേരണ നല്‍കുന്നു. ജീവിതം വിജയകരം മാത്രമാകാതെ അര്‍ത്ഥപൂര്‍ണ്ണവുമായാണ് അവസാനിക്കേണ്ടതെന്ന് കാട്ടിത്തന്നത് ഏകനാഥ റാനഡെയാണ്. ബില്‍ഗേറ്റ്‌സ് പോലെയുള്ളവര്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ ശേഷം തിരിച്ചറിയുന്നു അര്‍ത്ഥപൂര്‍ണ്ണമായ ജീവിതത്തിന് ദാനവും അന്യന് സഹായം ചെയ്യേണ്ടതും ആവശ്യമാണെന്ന്. ബില്‍ഗേറ്റ്‌സ് ഇന്ന് ഭാരതത്തിലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സേവന പദ്ധതികള്‍ ചെയ്തുവരികയാണ്. ഭാരതത്തിന്റെ പണ്ടുമുതലുള്ള കാഴ്ചപ്പാടുതന്നെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കണം എന്നതായിരുന്നു. ഏകനാഥ റാനഡെയുടെ ജീവിതത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് സ്വാമി വിവേകാനന്ദ ദര്‍ശനങ്ങള്‍ പകര്‍ത്തി മുന്നോട്ടുപോകണം, പ്രത്യേകിച്ചു യുവാക്കളുടെ ദൗത്യം അതായിരിക്കണം, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിപാടിയുടെ അദ്ധ്യക്ഷനായിരുന്ന വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് പി. പരമേശ്വരന്‍ ശാരീരിക അവശതകള്‍ മൂലം യോഗത്തില്‍ പങ്കെടുത്തില്ല. അദ്ദേഹത്തെക്കുറിച്ച് യോഗ വേദിയില്‍ പരാമര്‍ശമുണ്ടായി. ദീപക് കുമാര്‍ ഭര്‍താകുര്‍, ജസ്റ്റിസ് സി.വി രാമലു, സ്വാമി ഗോവിന്ദ ദേവ് ഗിരിജി, എ.ബാലകൃഷ്ണന്‍, ഡോ. എല്‍. ലക്ഷ്മികുമാരി, പ്രമീളാജി, കൃഷ്ണകുമാര്‍ അസ്തനാജി എന്നിവര്‍ പ്രസംഗിച്ചു.
















