ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനു നല്‍കിയ വിശ്വരൂപ ദര്‍ശനം ഭഗവാന്റെ ദിവ്യഭാവത്തിന്റെ സാരസര്‍വസ്വമല്ല. വാസ്തവത്തില്‍ മുരളി വായിക്കുന്ന ദ്വിബാഹുരൂപമാണ് ഭഗവാന്റെ സര്‍വശ്രേഷ്ഠമായ പ്രത്യക്ഷ ദര്‍ശനം. എന്നാല്‍ ഭഗവാന്‍ കൃഷ്ണന്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ട് അദ്ദേഹം മനുഷ്യനാണെന്നു തെറ്റിദ്ധരിക്കരുത്. നിത്യവും ജ്ഞാനപൂര്‍ണവും ആനന്ദമയവുമാണ് അദ്ദേഹത്തിന്റെ രൂപം, അതു സാധാരണ മനുഷ്യന്റേതല്ല; അസാധാരണ മനുഷ്യനാണദ്ദേഹം എന്നു പറഞ്ഞാലും പോരാ; ഭഗവാന്റെ അതീന്ദ്രിയ രൂപത്തിന്റെ ശരിപ്പകര്‍പ്പായിരിക്കാം ഈ മനുഷ്യരൂപം. എന്നുവച്ച് ദൈവം മനഷ്യനാകുന്നില്ല; മറിച്ചും. മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്റെ തനിരൂപത്തിലാണെന്നു മറ്റു മതഗ്രന്ഥങ്ങളും പറയുന്നു. എന്നാല്‍ ദൈവം മനുഷ്യനാണെന്ന് അതിനര്‍ഥമില്ല.
















