തൃശൂര്‍: ദേശീയ ഗെയിംസ് വേദികളുടെ നിര്‍മാണ പുരോഗതിയും സജ്ജീകരണങ്ങളും പരിശോധിക്കാന്‍ വിവിധ മത്സരയിനങ്ങളുടെ ഡയറക്ടര്‍മാര്‍ തൃശൂരിലെത്തി. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അസി. ജനറല്‍ സെക്രട്ടറി അനില്‍ കാമത്ത്, കോംപറ്റീഷന്‍ ഡയറക്ടര്‍മാരായ ജസ്പാല്സിംഗ് സന്ധു(വെയ്റ്റ് ലിഫ്റ്റിംഗ്), അരുണ്‍ ദ്വിവേദി(ജൂഡോ), ദേശീയ റൈഫിള്‍ അസോസിയേഷന് ഗവേണിംഗ് ബോഡി അംഗം ആര്. രവികൃഷ്ണന്‍ എന്നിവരാണ് പരിശോധനയ്ക്കെത്തിയത്. വേദികളുടെ നിര്‍മാണ പുരോഗതിയില്‍ സന്ദര്‍ശക സംഘം സംതൃപ്തി അറിയിച്ചു. ദേശീയ ഗെയിംസിലെ അഞ്ച് മത്സരയിനങ്ങളാണ് തൃശൂരില്‍ നടക്കുന്നത്. ട്രാപ് ഷൂട്ടിംഗ് നടക്കുന്ന രാമവര്‍മപുരം പോലീസ് അക്കാദമി, വനിത ഫുട്ബോള്‍ നടക്കുന്ന കോര്പറേഷന് സ്റ്റേഡിയം, ജൂഡോ, വെയ്റ്റ്ലിഫ്റ്റിംഗ് മത്സരങ്ങള്‍ നടക്കുന്ന വി.കെ.എന്‍. മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളാണ് പ്രതിനിധികള്‍ സന്ദര്‍ശിച്ചത്.
കോര്പറേഷന് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ടര്‍ഫ് ഗ്രൗണ്ട് പരിശോധിച്ച അനില്കാമത്ത് നിര്‍മാണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. പവലിയന് നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി. പവലിയന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ നടന്നുവരികയാണെന്നും നവംബര്‍ അവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നിര്‍മാണം വൈകി ആരംഭിച്ച പോലീസ് അക്കാദമിയില്‍ ഷൂട്ടിംഗ് റേഞ്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പണികള്‍ പുരോഗമിക്കുകയാണ്. നിര്‍മാണത്തിന്റെ 50 ശതമാനം മാത്രമാണ് ഇവിടെ പൂര്‍ത്തിയായത്. മുന്‍ അന്താരാഷ്ട്ര ഷൂട്ടിംഗ് താരം ആര്. രവികൃഷ്ണന്‍, പരിശീലകന് സണ്ണി തോമസ് എന്നിവരാണ് പരിശോധനയ്ക്കെത്തിയത്. അല്പം വൈകിയെങ്കിലും സമയബന്ധിതമായി നിര്മാണ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സണ്ണി തോമസ് അറിയിച്ചു. ചില നിര്‍ദേശങ്ങളും തിരുത്തലുകളും നല്‍കിയതായും ഇരുവരും പറഞ്ഞു. അടുത്ത മൂന്ന് ആഴ്ചയ്ക്കകം റേഞ്ചിലേക്കുള്ള മെഷീനുകള്‍ സ്ഥാപിക്കാന്‍ കഴിയും. താരങ്ങളുടെ പരിശീലനമടക്കം എട്ടുദിവസത്തെ മത്സരചാര്ട്ടാണ് പോലീസ് അക്കാദമിയിലുള്ളത്. ഡിസംബര്‍ 15നകം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും സംഘം പ്രകടിപ്പിച്ചു. ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന തൃപ്രയാറിലെ ടിഎസ്ജിഎ സ്റ്റേഡിയത്തില്‍ നടത്തിയ പരിശോധനയിലും അധികൃതര്‍ സംതൃപ്തി പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: