വിദ്യ പൂജയാണെന്നും പൂജയെന്നാല്‍ ഉത്തമവിദ്യയുടെ ആവിഷ്‌ക്കാരമാണെന്നും നാം കണ്ടല്ലോ. വാസ്തവത്തില്‍ വിദ്യാഭ്യാസം ചെയ്യലും, ചെയ്യിക്കലും ആചാരത്തേക്കാളുപരി ആവശ്യകതയാണ് എന്നുള്ളതാണ് സത്യം. ‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’.
നിറഞ്ഞ കുടത്തില്‍നിന്നും ചെറിയ കുടങ്ങളിലേക്ക് പകരുക. ഒഴിഞ്ഞ കുടം വീണ്ടും നിറയ്‌ക്കുക, പകരുക. ഈ പ്രക്രിയതന്നെയാണ് സനാധന ധര്‍മ്മം ഉദ്ദേശിച്ച വിദ്യാരംഭം എന്ന ആചാരം. ഒഴിയാത്ത നിറകുടമായ ആചാര്യന്മാരും ഗുരുക്കന്മാരും വിദ്യയുടെ സ്ഥാനത്തെ ഒന്നാം ഘട്ടമാണ്. ഉത്തമവിദ്യയെ തങ്ങളുടെ സന്താനത്തിന് നല്‍കാന്‍ തയ്യാറാകുന്ന മാതാപിതാക്കളാണ് രണ്ടാമത്. ഒരാള്‍ക്ക് ലഭിക്കുന്ന വിദ്യയുടെ സ്വഭാവമാണ് മൂന്നാത്തേത്. യഥാര്‍ത്ഥത്തില്‍ വിദ്യ അഭ്യസിക്കുന്ന വിദ്യാര്‍ത്ഥി നാലാംസ്ഥാനത്തേ വരുന്നുള്ളൂ.
16 സംസ്‌കാരങ്ങളില്‍ പ്രധാനമായ വിദ്യാഭ്യാസം മാനവരാശിയുടെ ആരംഭം മുതല്‍ മാനവരാശി അവസാനിക്കുംവരെ തുടരും എന്നത് പൂര്‍ണ വസ്തുതയാണ്. കാലഘട്ടത്തിനനുസരിച്ച് വിദ്യയും വിദ്യാഭ്യാസ രീതിയും മാറും എന്നേയുള്ളൂ.
















