സദ്ഗുരു ജ്ഞാനശക്തിയുടെയും ധര്‍മ്മശക്തിയുടെയും തപോശക്തിയുടെയും ദിവ്യസങ്കല്‍പശക്തിയുടെയും മൂര്‍ത്തിമത്ഭാവമാണ്. സദ്ഗുരു പരബ്രഹ്മം തന്നെയാകയാല്‍ ആദ്ധ്യാത്മികശക്തിയുടെ സംക്രമണം ശിഷ്യഹൃദയത്തില്‍ ആദ്ധ്യാത്മിക പ്രബുദ്ധതയും സാന്മാര്‍ഗ്ഗികാഭിമുഖവും ഉദാത്തമായ പ്രജ്ഞയും പ്രഫുല്ലമാക്കുന്നതിനെ പ്രദേ്യാതിപ്പിക്കുന്നു.
ഉപദേശവും പ്രബോധനവും ആശ്രയവും അനുഗ്രഹവുമാണ് സദ്ഗുരുവില്‍നിന്നു ശിഷ്യനിലേക്ക് പ്രവഹിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ആത്മീയ പ്രതിഫലനങ്ങള്‍. ഗൃഹസ്ഥാശ്രമികളായ നിങ്ങള്‍ക്ക് ഗൃഹത്തിലെയും സമൂഹത്തിലേയും തിരക്കാര്‍ന്ന അന്തരീക്ഷത്തില്‍ വര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഗാഢമായ വ്യക്തിബന്ധങ്ങളുടെ മദ്ധ്യത്തിലും നിങ്ങള്‍ക്ക് നിസ്സംഗരായി കഴിയേണ്ടതുണ്ട്. അമ്മയില്‍നിന്നു ഉപദേശവും ബോധനവും ആശ്രയവും അനുഗ്രഹവും നേടിയ നിങ്ങളുടെ ആന്തരികസ്വാതന്ത്ര്യവും ധര്‍മ്മനിഷ്ഠയും പ്രദേ്യാതിപ്പിക്കുന്ന മാതൃകാപരമായ ആത്മീയ ജീവിതം പടുത്തുയര്‍ത്തണം.
മൗനത്തിലൂടെയും മഹാവാക്യ ഉപദേശത്തിലൂടെയും പ്രതീകങ്ങളിലൂടെയും അമ്മ സത്യവസ്തുവിനെ നിങ്ങളുടെ ദര്‍ശന പഥത്തോട് വളരെ അടുപ്പിച്ചുകൊണ്ട് വരികയാണ്. പക്ഷേ ഒരു സത്ശിഷ്യന് അനിവാര്യമായിരിക്കേണ്ട സ്വഭാവഗുണങ്ങളും കഴിവുകളും നിങ്ങള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. ഗുരുവിനോടും ഗുരുവിന്റെ നിര്‍ദ്ദേശങ്ങളോടും നിങ്ങള്‍ക്ക് ആദരാന്വിതമായ ഭാവമുണ്ടായിരിക്കണം. ഭോഗ പ്രവൃത്തിയില്‍നിന്നു സാധകവൃത്തിയിലേക്ക് മനസ്സിനെ പ്രത്യാഹരിക്കണം.
രണ്ടുതരം ഉപദേശരീതികളില്‍ മൗനമാണ് പരമോല്‍കൃഷ്ടമെന്നതില്‍ സംശയമില്ല. മനനം അവബോധം ഇവയ്‌ക്കതീതമായി വര്‍ത്തിക്കുന്ന ഗഹനമായ ഒരു അവസ്ഥാ വിശേഷമാണ് മൗനം. ഗുരുവിന്റെ മൗനം സത്യത്തിന്റെ പ്രതീകമായും അനുഭൂതിയായും സത്യത്തിന്റെ വ്യാഖ്യാനമായും പ്രശോഭിക്കുന്നു.
– ശ്രീ രമാദേവി
















