പുകവലി ഉപേക്ഷിക്കുവാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം ഹ്രസ്വകാലത്തേക്ക് എടുക്കുന്ന ഒരു പ്രതിജ്ഞയാണ്. ഇനി ജീവിതത്തിലൊരിക്കലും ഞാന്‍ പുകവലിക്കില്ല എന്നൊന്നും ചിന്തിക്കരുത്. “ശരി, എന്ത് സംഭവിച്ചാലും നാല്പതു ദിവസത്തേക്ക് ഞാന്‍ പുകവലിക്കില്ല എന്ന് തീരുമാനിക്കൂ. ഇത് ദൈവത്തോടുള്ള ഒരു വാഗ്ദാനമായിരിക്കട്ടെ.
വാഗ്ദാനം ലംഘിച്ചാല്‍ ശിക്ഷ അനുഭവിക്കാനും തയ്യാറാണെന്ന് പറയൂ. ഇത്തരം പ്രതിജ്ഞകള്‍ പാലിക്കാന്‍ എളുപ്പമായിരിക്കും. പാലിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഇടയ്‌ക്കുവച്ച് പ്രതിജ്ഞ ലംഘിച്ചാലും സാരമില്ല. വീണ്ടും ഒരു നാല്‍പതു ദിവസത്തേക്ക് പ്രതിജ്ഞയെടുക്കൂ. ചെറിയ കാലയളവിലേക്ക് എടുക്കുന്ന പ്രതിജ്ഞകളാണ് ശീലങ്ങളെ അകറ്റാനുള്ള എളുപ്പമാര്‍ഗം.
മറ്റൊരുമാര്‍ഗം നിങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ളവരുടെ സഹായത്തോടുകൂടിയാണ്. സിഗരറ്റ് വേണോ, ഭാര്യ വേണോ, മകന്‍ വേണോ മുതലായ വെല്ലുവിളികളെ അവര്‍ നിങ്ങള്‍ക്ക് നേരെ എറിയട്ടെ. സ്‌നേഹത്തിന് വലുതായ ശക്തിയുണ്ട്.
പുകവലിക്കാരായ ഒരു മാന്യ വനിത സഹായം തേടി എന്റെ അടുത്തുവന്നു. ഞാന്‍ പറഞ്ഞു, “”നിങ്ങള്‍ക്ക് സിഗരറ്റ് വേണോ എന്നെ വേണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ സിഗരറ്റ് വലിക്കുകയാണെങ്കില്‍ എന്നെ മറന്നേക്കൂ. എന്നെ കാണാനോ പ്രഭാഷണം കേള്‍ക്കാനോ ധ്യാനിക്കാനോ ഇങ്ങോട്ട് വരരുത്.
ധ്യാനം, പ്രാണായാമം, സുദര്‍ശനക്രിയ എന്നിവയെല്ലാം ഉപേക്ഷിക്കണം.” എന്നോടും ഈ ജ്ഞാനത്തോടും ക്രിയയോടുമൊക്കെയുണ്ടായ അതിയായ താല്പര്യംമൂലം അവര്‍ പുകവലി ഉപേക്ഷിച്ചു. ഞാന്‍ ക്രൂരനാണെന്നും ഇത്തരമൊരു വ്യവസ്ഥ വളരെ ക്രൂരമാണെന്നും അവര്‍ വിചാരിച്ചു. പക്ഷേ, ഒരാഴ്ചയ്‌ക്കുശേഷം ഞാന്‍ കടുത്തു പറഞ്ഞതിനെക്കുറിച്ച് അവര്‍ക്ക് സന്തോഷമായിരുന്നു.
ഇവിടെ മൂന്നു കാര്യങ്ങളുണ്ട്. ഒന്ന് സാധന. നിങ്ങളുടെ സാധനകള്‍ നിങ്ങളെ ഏത് ശീലങ്ങളില്‍നിന്നും മുക്തനാക്കാം. രണ്ട്, ഭയം- മരണഭയം, രോഗഭയം, തുടങ്ങിയവ നിങ്ങളുടെ ശീലങ്ങളകറ്റാന്‍ മതിയാകും. ചിലപ്പോള്‍ ഈശ്വരകോപത്തെക്കുറിച്ചുള്ള ഭയവുമാകാം. മൂന്നാമത്തേത് പ്രേമമാണ്.
















