മുംബൈ: പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ നടപടിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഏകദേശം 258 കോടിയിലേറെ രൂപയാണ് ബിസിസിഐ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് നഷ്ടപരിമായി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ആവശ്യം ഉന്നയിച്ച് ബിസിസിഐ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡേവ് കാമറൂണിന് കത്തയച്ചിട്ടുണ്ട്. ബിസിസിഐയുടെ കത്ത് ലഭിച്ചതായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചു.
ഇന്ത്യയുമായുള്ള മത്സരം വിന്‍ഡീസ് പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്നാണ് ബിസിസിഐയുടെ നടപടി. ഇതിനെതിരെ നഷ്ടപരിഹാരം ഈടാക്കുമെന്ന് നേരത്തെത്തന്നെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. വന്‍ സാമ്പത്തിക നഷ്ടമാണ് പരമ്പര പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ബിസിസിഐയ്‌ക്ക് ഉണ്ടായത് എന്നാണ് പറയുന്നത്.
അഞ്ച് ഏകദിനവും മൂന്ന് ടെസ്റ്റും ഒരു ട്വന്റി-20യും കളിക്കാനാണ് വെസ്റ്റിന്‍ഡീസ് ടീം ഇന്ത്യയിലെത്തിയത്. ഇതില്‍ ധര്‍മശാലയില്‍ കളിച്ച നാലാം ഏകദിനത്തിന്റെ ടോസിംഗിനിടെയാണ് ക്യാപ്റ്റന്‍ ബ്രാവോ പരമ്പര ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് വെസ്റ്റിന്‍ഡീസ് താരങ്ങള്‍ പരമ്പരയില്‍ നിന്ന് പിന്മാറിയത്. നേരത്തെ കൊച്ചില്‍ നടന്ന ആദ്യ ഏകദിന മല്‍ത്സരത്തിനിടെയും വിന്‍ഡീസ് പരമ്പര ഉപേക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിന്‍ഡീസ് പരമ്പര ഉപേക്ഷിച്ചതോടെ ശ്രീലങ്കന്‍ ടീം, അഞ്ച് ഏകദിനങ്ങളുടെ പരമ്പര കളിക്കാന്‍ തയാറാവുകയായിരുന്നു.
















