ചെളിപ്രദേശത്ത് ഉറപ്പായ അസ്തിവാരം പണിയാതെ വീടു വച്ചാല്‍ ചെറിയ ഒരു കാറ്റില്‍ അത് തകര്‍ന്നു വീഴും. അതുപോലെ വെറും ഭൗതികതയില്‍ കാലൂന്നി നിന്നുകൊണ്ടാണു കുടുംബം നയിക്കുന്നതെങ്കില്‍ നിസ്സാര പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ന്നുവീഴും. എന്നാല്‍ ആദ്ധ്യാത്മികാടിത്തറയില്‍ നിന്നുകൊണ്ടു കുടുംബജീവിതം നയിക്കുമ്പോഴാകട്ടെ, വലിയ കൊടുങ്കാറ്റിനെപ്പോലും ഇളം തെന്നലാക്കി മാറ്റുവാന്‍ നമുക്കു സാധിക്കും.
അതാണു ശരിയായ തത്ത്വം മനസ്സിലാക്കി കുടുംബജീവിതം നയിച്ചാലുള്ള പ്രയോജനം. കുട്ടികള്‍ക്കു ചെറുപ്പം മുതല്‍ നല്ല കാര്യങ്ങള്‍ പറഞ്ഞും മാതൃക കാണിച്ചും കൊടുക്കുന്നതില്‍ മാതാപിതാക്കള്‍ ഒരു വീഴ്ചയും വരുത്തുവാന്‍ പാടില്ല.
വികസിത രാജ്യങ്ങളില്‍ സമ്പത്തു ധാരാളം ഉണ്ടെങ്കിലും അവിടങ്ങളില്‍ മാനസികരോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണു. നിത്യാനിത്യമറിഞ്ഞു ജീവിതം നയിക്കുന്നതിലൂടെ മാത്രമേ ഏതു സാഹചര്യത്തിലും മനസ്സിന്റെ താളലയം നഷ്ടമാകാതെ മുന്നോട്ടുനീങ്ങാന്‍ കഴിയൂ. അല്ലെങ്കില്‍ ഭൗതിക സംസ്‌കാരത്തിന്റെ ഇന്നത്തെ ഈ കടന്നുകയറ്റം നമ്മുടെ സമൂഹത്തിലും മാനസികരോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനേ സഹായിക്കൂ.
















