പാരീസ്: ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച് പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ജര്‍മ്മനയുടെ ഫിലിപ്പ് കോള്സ്സ്കൈബറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യനായ ഡോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തിയത്.
സ്കോര്‍: 6-3, 6-4.മറ്റൊരു മത്സരത്തില്‍ നാലാം സീഡും സ്പാനിഷ് താരവുമായ ഡേവിഡ് ഫെററും മൂന്നാം റൗണ്ടിലെത്തി. ബല്‍ജിയം താരം ഡേവിഡ് ഗോഫിനെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഫെറര്‍ മറികടന്നത്. സ്കോര്‍: 6-3, 2-6, 6-3. ഫ്രഞ്ച് താരവും 15-ാം സീഡുമായ ഗില്ലിസ് സിമോണിനെ 6-3, 3-6, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയും അടുത്ത റൗണ്ടിലേക്ക് മുന്നേറി. മൂന്നാം റൗണ്ടില്‍ ഡേവിഡ് ഫെററാണ് വെര്‍ഡാസ്കോയുടെ എതിരാളി. മൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക, അഞ്ചാം സീഡ് തോമസ് ബര്‍ഡിച്ച്, ഏഴാം സീഡ് മിലോസ് റാവോനിക്ക്, 14-ാം സീഡ് കെവിന് ആന്ഡേഴ്സണ് തുടങ്ങിയവരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.
















