ഇന്ന് ഒരു വിദ്യാര്‍ത്ഥിയുടെ ശിഷ്ടാചാരങ്ങള്‍ നാം വിലയിരുത്തുമ്പോള്‍ മാറിയ കാലത്തിന്റെ സ്വാഭാവികതകള്‍ കണക്കിലെടുക്കണം.
ഇന്നു ലഭിക്കുന്ന വിദ്യാഭ്യാസം ഏതൊരാളില്‍നിന്നും ലോകം ഈശ്വരീയമാണെന്നും ദൈവസൃഷ്ടമാണെന്നുള്ള സങ്കല്‍പം തന്നെ എടുത്തുകളയുന്നതാണ് ആകയാല്‍ ദേവതുല്യം ബഹുമാനിക്കുക എന്ന ചിന്തയ്‌ക്കും സ്ഥാനമില്ല. കാരണം ആരുംതന്നെ ആരിലും ദേവത്വം കാണുന്നുമില്ല. ദേവത്വം നാമിപ്പോള്‍ കരുതുക സാധാരണയായി ആദ്ധ്യാത്മിക പ്രവര്‍ത്തകര്‍ക്കോ സംശുദ്ധമായി ജീവിതം നയിക്കുന്ന മറ്റാള്‍ക്കാര്‍ക്കോ ആണ്.
അഥവാ ‘ദേവതുല്യം’ എന്നാല്‍ സമ്പൂര്‍ണ്ണതയാണ് എന്നൊരു ചിന്താഗതി വന്നിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥി ചിലപ്പോള്‍ ശ്രീകൃഷ്ണനേയോ ശ്രീരാമനേയോ ദേവനായി കാണാന്‍ തയ്യാറാകും. ശങ്കരാചാര്യര്‍പോലുള്ള ഗുരുക്കന്മാരെയും ആദരവു കലര്‍ന്ന ദേവഭാവത്തില്‍ ചിന്തിക്കും.
സ്വാമി വിവേകാനന്ദനേയും ഒരളവുവരെ മഹാത്മാഗാന്ധിയെയും വരെ ഇന്ന് ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ദേവഭാവത്തില്‍ വന്നെന്നിരിക്കും. ‘അടിപൊളി’യായി നടക്കുന്ന തന്റെ പിതാവിനെയോ ബന്ധുക്കളെയോ അതിഥികളെയോ അദ്ധ്യാപകരെയോ അവര്‍ക്കു ദേവഭാവത്തില്‍ കാണാനാവില്ല എന്നു സ്പഷ്ടം. ഇതവരുടെ കുറ്റമല്ല. ഇനി അപ്രകാരം കണ്ടുതുടങ്ങിയാലും അവര്‍ ഭൗതികമായ വികാസതലത്തില്‍ നിന്നും ഒറ്റപ്പെട്ട് അങ്ങുമിങ്ങും തൊടാത്ത ഒരു ദുര്‍ബല മനസ്സിനുടമയാവുകയും ചെയ്യും.
















