നാസിക്: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി. ലൈംഗിക അതിക്രമം, പിന്തുടരുക, മോശമായ രീതിയിലുള്ള സ്പർശനം, മതപരമായ അധിക്ഷേപം എന്നിവ ചൂണ്ടിക്കാട്ടി യുവതി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.
നാസിക്കിലെ അശോക മാർഗ് ഓഫീസിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ഷാരൂഖ് ഖുറേഷി, റാസ മേമൻ, ആസിഫ് അൻസാരി, തൗസിഫ് അത്താർ, ഷാഫി ഷെയ്ഖ് എന്നിവർക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അന്വേഷണത്തിനായി വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചു.
പരാതിയില്‍ പറഞ്ഞിരിക്കുന്നത്;
2025 ജൂൺ 20-നാണ് പരാതിക്കാരി ടിസിഎസിൽ അസോസിയേറ്റായി ചേരുന്നത്. പരിശീലന കാലയളവിൽ ലോൺ വിഭാഗത്തിലെ ടീം ലീഡറായ റാസ മേമൻ പരിശീലന മുറിയിൽ അതിക്രമിച്ചു കയറി മോശം പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് യുവതി പറഞ്ഞു.
“നിങ്ങളുടെ ഭർത്താവ് സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ നിങ്ങൾ എങ്ങനെയാണ് ഒറ്റയ്‌ക്ക് കഴിയുന്നത്? പേടി തോന്നാറില്ലേ? എന്ത് സഹായത്തിനും ഞാൻ തയ്യാറാണ്” എന്നിങ്ങനെയുള്ള ഇരട്ടയർത്ഥമുള്ള ചോദ്യങ്ങൾ ഇയാൾ ചോദിച്ചിരുന്നതായും,
ഷാരൂഖ് ഖുറേഷി എന്ന മറ്റൊരു സഹപ്രവർത്തകനും വ്യക്തിജീവിതത്തെക്കുറിച്ച് മോശമായി സംസാരിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
സെപ്റ്റംബറിൽ പ്രൊഡക്ഷൻ വിഭാഗത്തിലേക്ക് മാറിയപ്പോൾ ആസിഫ് അൻസാരി എന്ന ജീവനക്കാരൻ അനുവാദമില്ലാതെ യുവതിയുടെ അടുത്ത് വന്നിരിക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തിരുന്നു. കൈകളിൽ പിടിക്കാനും തുടയിലും തോളിലും കൈ വയ്‌ക്കാനും ഇയാൾ ശ്രമിച്ചതായും ഒരിക്കൽ ബലം പ്രയോഗിച്ച് കെട്ടിപ്പിടിച്ചതായും പരാതിയിലുണ്ട്.
“നിനക്ക് എന്നെ ഇഷ്ടമല്ലേ? നിന്റെ ഭർത്താവിനേക്കാൾ സുന്ദരനാണ് ഞാൻ. എന്റെ കൂടെ പുറത്തുവാ, എന്തെങ്കിലും സംഭവിച്ചാലും ആരും അറിയില്ല” എന്ന് ആസിഫ് പറഞ്ഞതായും യുവതി വെളിപ്പെടുത്തി. “നിന്റെ ശാരീരിക ആവശ്യങ്ങൾ ഞാൻ നിറവേറ്റിത്തരാം” എന്ന് ഇയാൾ പറഞ്ഞതായും ആരോപണമുണ്ട്.
മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങളും ഇയാൾ നടത്തി. “നിങ്ങളുടെ മതത്തിലെ സ്ത്രീകൾ ബുർഖ ധരിക്കാത്തതിനാലാണ് അവർ ബലാത്സംഗം ചെയ്യപ്പെടുന്നത്” എന്ന് പറഞ്ഞതിനൊപ്പം ഹിന്ദു ദൈവങ്ങളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായും മൊഴിയിലുണ്ട്. മകരസംക്രാന്തി ദിവസം സാരി ധരിച്ചെത്തിയപ്പോൾ ബ്ലൗസിനെക്കുറിച്ച് അങ്ങേയറ്റം അശ്ലീല പരാമർശം നടത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തൗസിഫ് അത്താർ എന്ന ജീവനക്കാരൻ ജോലി പഠിപ്പിക്കാനെന്ന വ്യാജേന ശരീരത്തിൽ സ്പർശിച്ചതായും കവിളിൽ മുഖം അമർത്തിയതായും യുവതി പറഞ്ഞു. 2026 മാർച്ചിൽ ഗുഡി പദ്‌വ ദിനത്തിൽ റാസ മേമൻ യുവതിയുടെ സാരി പിന്നിൽ നിന്ന് വലിച്ചതായും പരാതിയില്‍ പറയുന്നു.
ഷാഫി ഷെയ്ഖ് എന്ന മറ്റൊരു ജീവനക്കാരൻ അശ്ലീലമായ രീതിയിൽ നോക്കുകയും മോശം കമന്റുകൾ പറയുകയും ചെയ്തിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണമാണ് താൻ ആദ്യം പരാതിപ്പെടാതിരുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ബലാത്സംഗം, നിർബന്ധിത മതപരിവർത്തന ശ്രമം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും ടിസിഎസിലെ മറ്റ് ചില ജീവനക്കാർക്കെതിരെ ഉയർന്നിട്ടുണ്ട്. ആരോപണവിധേയരായ ജീവനക്കാരെ ടിസിഎസ് സസ്‌പെൻഡ് ചെയ്തു. ഇത്തരം പ്രവണതകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കമ്പനിക്കുള്ളതെന്ന് ടിസിഎസ് വ്യക്തമാക്കി.















