ഭാരതീയ ശിഷ്ടാചാരമനുസരിച്ച് ഒരു വിദ്യാര്‍ത്ഥി പ്രഭാതത്തില്‍ എഴുന്നേറ്റാലുടന്‍ മാതാപിതാക്കളെ പ്രദക്ഷിണം ചെയ്തു കാല്‍തൊട്ട് വന്ദിക്കണമെന്നാണ്. ഇക്കാര്യം ഇന്നു പറയുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളെക്കാളധികം മാതാപിതാക്കള്‍ തന്നെ പരിഹാസ്യതയോടെ ചിരിച്ചുപോകും. ഒന്നാലോചിച്ചുനോക്കൂ. ഇന്നൊരു വിദ്യാര്‍ത്ഥി അപ്രകാരം സ്വഭവനത്തില്‍ ചെയ്താലുള്ള ഗതികേട്! ഇതൊക്കെ വെറും യാന്ത്രികവും അതിരുകടന്നതുമായ പ്രയോഗങ്ങളായേ വരുന്നുള്ളൂ. അത്രയ്‌ക്ക് കുമ്പിട്ടാരാധിക്കാനുള്ള പ്രാധാന്യത തങ്ങള്‍ക്കുമില്ലെന്നാണ് ഓരോ മാതാപിതാക്കളുടേയും ഉള്ളിന്റെയുള്ളില്‍ മന്ത്രിക്കുന്നതും.
വിദ്യാര്‍ത്ഥികളും അത് തുറന്നുപറയുന്നില്ലെങ്കിലും അവരുടെ ഉള്ളും ഏതാണ്ട് അപ്രകാരം തന്നെ. ആകയാല്‍ ഈയൊരു സംസ്‌കാരം തീരെ ഇല്ലാതായിപ്പോവുകയും ചെയ്തു.
ബാല്യം കഴിഞ്ഞുതുടങ്ങിയാല്‍ പിന്നെ സന്താനങ്ങളും മാതാപിതാക്കളും ഒരു സുഹൃദ്ബന്ധംപോലെയാണ് ആയിത്തീരുന്നത്. ഞാന്‍ ജനിച്ചിട്ടല്ലേ നിങ്ങള്‍ക്ക് ഒരച്ഛന്റെയോ അമ്മയുടെയോ പദവി കിട്ടിയത് എന്നാണ് കുട്ടികളുടെ ഉള്ളിലിരുപ്പ്. നിന്നേപ്പോലൊരു സാധനമാണല്ലോടാ എനിക്ക് ജനിച്ചുപോയത് എന്ന വൈക്ലബ്യം മാതാപിതാക്കള്‍ക്കും. ആകയാല്‍ കുടുംബബന്ധങ്ങളില്‍ പ്രമുഖരായ സൃഷ്ടിസംബന്ധം ഒരുതരം അരക്ഷിതാവസ്ഥയായി മാറ്റപ്പെടുന്നു. ഇവിടെനിന്നാണ് ഒരു വിദ്യാര്‍ത്ഥിയുടെ സ്വാതന്ത്ര്യാഭിവാഞ്ഛ ആരംഭിക്കുന്നത്.
















