ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഗോളിയുമായ സെന്‍സോ മെയിവ (27) വെടിയേറ്റ് മരിച്ചു. ജോഹന്നാസ്ബര്‍ഗിന് തെക്കുള്ള വൊസ്‌ലോറൂസിലാണ് സംഭവം. ദക്ഷിണാഫ്രിക്കന്‍ പോപ് ഗായികയും കാമുകിയുമായ കെല്ലി ഖുമാലോയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കളുടെ വെടിയേറ്റാണ് മെയിവ കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 8 നായിരുന്നു സംഭവം നടന്നത്. മെയിവയുടെ കൊലയാളികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
ആഫ്രിക്കയിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായിരുന്നു മെയിവ. കെല്ലി ഖുമാലോയുടെ വീട്ടില്‍ മെയിവ ഉണ്ടെന്ന് അറിഞ്ഞുതന്നെയാണ് മൂന്നംഗ അക്രമികളെത്തിയതെന്നാണ് പൊലീസ് നിഗമനം. മെയിവയുടെ മൊബൈല്‍ ഫോണ്‍ അക്രമികള്‍ ആവശ്യപ്പെട്ടുവെന്നും അതുകൊടുക്കാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നുമാണ് കരുതുന്നത്. കെല്ലിയുടെ വീട്ടിലെ മറ്റാര്‍ക്കും പരിക്കേറ്റിട്ടുമില്ല. ആശുപത്രിയിലെത്തുമ്പോഴേക്കും മെയിവ മരിച്ചിരുന്നു. സംഭവത്തിന് ശേഷം മൂവരും ഓടി രക്ഷപ്പെട്ടു. അക്രമികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒന്നരലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ ഇതുമെലെംഗ് ഖുനെയുടെ പകരക്കാരനായി കഴിഞ്ഞവര്‍ഷമാണ് മെയിവ ദേശീയ ടീമിലെത്തിയത്. ടീമിലെത്തിയതു മുതല്‍ മികച്ച ഫോം പ്രദര്‍ശിപ്പിച്ച മെയിവ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇക്കൊല്ലം നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ടീമിന്റെ നായകനായിരുന്നു മെയിവ. കഴിഞ്ഞ നാല് യോഗ്യതാ മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ഗോള്‍ വഴങ്ങിയിട്ടില്ല.
2005 മുതല്‍ ദക്ഷിണാഫ്രിക്കന്‍ ക്ലബ് ഒര്‍ലാന്‍ഡോ പൈറേറ്റ്‌സിന്റെ ഗോള്‍കീപ്പറായ മെയിവ ടീമിനെ കഴിഞ്ഞവര്‍ഷം ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു.
16 കളികളില്‍ ഏഴ് മത്സരങ്ങളില്‍ ഗോള്‍വഴങ്ങാതെ കാത്ത ഗോള്‍കീപ്പിങ് മികവാണ് ടീമിനെ ഫൈനലിലെത്തിച്ചത്. ശനിയാഴ്ച ദക്ഷിണാഫ്രിക്കന്‍ ലീഗ് കപ്പില്‍ അയാക്‌സ് കേപ് ടൗണിനെ 4-1 ന് തോല്‍പിച്ച് സെമിഫൈനലില്‍ പ്രവേശിച്ച മത്സരത്തിലും മെയിവ ഗോള്‍വല കാത്തിരുന്നു.
അതേസമയം തുടര്‍ച്ചയായ തിരിച്ചടികളിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ കായികരംഗം കടന്നുപോകുന്നത്. 800 മീറ്ററിലെ മുന്‍ ലോകചാമ്പ്യന്‍ എംബുലാനി മുലാന്‍സി കാറപടകടത്തില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ തികയും മുമ്പാണ് മെയിവയുടെ ദുരന്തം. ഒക്ടോബര്‍ 24നായിരുന്നു എംബുലാനിയുടെ ദാരുണ അന്ത്യം.
















