വിദ്യാര്‍ത്ഥികള്‍ പ്രഥമം സൂര്യനേയും രണ്ടാമത് ഗണേശനേയും, മൂന്നാമത് ദേവിയേയും ആരാധിക്കണമെന്നാണു മതം. സൂര്യനാണ് എല്ലാ ശക്തിയുടെയും പരിപോഷ്ടാവ്. ബാലസൂര്യന്റെ രശ്മിയില്‍ ധാരാളം സാത്വികഊര്‍ജ്ജം അടങ്ങിയതും, ഔഷധവീര്യമുള്ളതുമാണെന്നാണ് ചികിത്സാ ശാസ്ത്രങ്ങള്‍പോലും പറയുന്നത്.
കുട്ടികള്‍ ആദ്യം ആര്‍ഘ്യം കൊടുക്കുന്നതും സൂരേ്യാപാസനയാണ്. സൂര്യബിംബത്തോട് നേരിട്ട് വിദ്യയും ബുദ്ധിശക്തിയും തരാന്‍ പ്രാര്‍ത്ഥിക്കണം. സൂര്യനമസ്‌കാരം എന്ന യോഗ ക്രിയയും ഇവിടെ അനുഷ്ഠിക്കാം.
ഗണേശനെ ക്ഷേത്രബിംബത്തിലോ, ചിത്രത്തിലോ, മൂര്‍ത്തിയിലോ ആരാധിക്കാം. രാവിലെ ഗണപതിഹോമത്തിന്റെ ധൂമം ശ്വാസിക്കുന്നതും, പ്രസാദം കഴിക്കുന്നതും നല്ലതാണ്. ഗണപതിഹോമത്തിന്റെ കനലില്‍നിന്നും കുഴച്ചെടുക്കുന്ന കരിപ്രസാദം ഭ്രൂമദ്ധ്യത്തിന് അല്പം മുകളിലായി തൊടുന്നത് ബുദ്ധിചക്രത്തിന്റെ മാന്ദ്യം മാറ്റാന്‍ സഹായകമാകും.
ഹോമത്തിനുപയോഗിച്ച നെയ്യ് ശിഷ്ടമായ ‘സംഭാതം’ സേവിക്കുന്നതും നല്ലതാണ്. വിദ്യാസ്വരൂപിണിയായ മൂകാംബിക, സരസ്വതി, ത്രിപുരസുന്ദരി, ശ്രീചക്രം തുടങ്ങിയവയെ ദര്‍ശിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും അവരുടെ മന്ത്രങ്ങള്‍ യഥാവിധി ദീക്ഷിക്കപ്പെട്ട് ചൊല്ലുന്നതും വിദ്യാവിജയത്തിന് അത്യുത്തമം .
















