മാഡ്രിഡ്: ബാഴ്സിലോനയെ 3-1ന് തകര്‍ത്ത് സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയില്‍ മാഡ്രിഡ് വിജയം സ്വന്തമാക്കി.
മത്സരം തുടങ്ങി നാലാം മിനിട്ടില്‍ സുവാരസിന്റെ പാസില്‍ നിന്ന് നെയ്മര്‍ നേടിയ ഗോളില്‍ ബാഴ്സിലോന മുന്നിലെത്തിയെങ്കിലും പിന്നീടങ്ങോട്ട് റയലിന്റെ തേരോട്ടമാണ് കണ്ടത്.
വാശിയേറിയ പോരാട്ടമാണ് നടന്നതെന്ന് തെളിയിക്കുന്നതായിരുന്നു കളികളത്തിലെ മാന്യനെന്ന് എതിര് ടീമുകള്‍ പോലും വിശേഷിപ്പിച്ച മെസിയുടെ ഒമ്പതാം മിനിറ്റിലെ മഞ്ഞക്കാര്‍ഡ്.
23ാം മിനിറ്റില്‍ ഒരു സുവര്‍ണാവസരം മെസി പാഴാക്കിയപ്പോള്‍ 35ാം മിനിറ്റിലെ പെനല്‍റ്റി കിക്കെടുത്ത സൂപ്പര്‍ താരം റൊണാള്‍ഡോ അത് മുതലാക്കി. ആദ്യ പകുതി 1-1.
രണ്ടാം പകുതിയില്‍ ആദ്യ മിനിറ്റുകളില്‍ തന്നെ റയലിന്റെ കുതിപ്പാണ് കണ്ടത്. രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റില്‍ പെപെ തൊടുത്ത പന്ത് ഗോള്‍ വല കുലുക്കിയതോടെ റയലിന് ലീഡ്.
കിതക്കാതെ മുന്നേറിയ റയലിന് ലക്ഷ്യം പിഴച്ചില്ല. 61-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെ റയല്‍ തങ്ങളുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ഇതോടെ സ്പാനിഷ് ലീഗില്‍ 22 പോയിന്റുമായി ബാഴ്സ ഒന്നാമതും 21 പോയന്റുമായി റയല്‍ രണ്ടാമതുമാണ്.
















