ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ (ഐഎസ്എല്‍) രാജ്യതലസ്ഥാനത്തിന്റെ പ്രതിനിധികളായ ഡെല്‍ഹി ഡൈനാമോസിന് കന്നി ജയം. സ്വന്തം തട്ടകത്തില്‍ അവര്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നിഷ്പ്രഭമാക്കി.
വിം റേമെയ്‌ക്കറും മാഡ്‌സ് ജങ്കറും ബ്രൂണോ ഹെരേരൊയും ഗുസ്താവോ മാര്‍മെന്റിനിയും ഡൈനാമോസിനുവേണ്ടി വെടിപൊട്ടിച്ചു. എലാനോ ചെന്നൈയിന്റെ ആശ്വാസ സ്‌കോറര്‍. ഇതോടെ ചെന്നൈ സംഘത്തിന്റെ അപരാജിത മുന്നേറ്റത്തിനും അന്ത്യമായി. ചെന്നൈയിന്‍ എഫ്‌സിയുടെ ഡിഫന്‍സിലെ പഴുതുകള്‍ തുറന്നുകാട്ടി ഡൈനാമോസ് വിജയത്തേരേറിനിന്നു. കളിയുടെ 33-ാം സെക്കന്റില്‍ ഡെല്‍ഹി മുന്നില്‍ക്കയറി. ഷൈല മാല്‍സ്വംതുലുന്‍ഗയില്‍ നിന്നു പന്തു വാങ്ങിയ റേമെയ്‌ക്കര്‍ ബോക്‌സിനു പുറത്തു നിന്നുള്ള ഷോട്ടിലൂടെ ചെന്നൈയിന്റെ നെഞ്ചുകീറി (1-0). ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ ഗോളിനും അങ്ങനെ ഗ്യാലറി സാക്ഷിയായി.
ജങ്കറും സൂപ്പര്‍ താരം അലക്‌സാന്ദ്രൊ ഡെല്‍ പിയറോയും മിന്നിയപ്പോള്‍ ഡെല്‍ഹി പൂര്‍ണശക്തിയിലെത്തി. 21-ാം മിനിറ്റില്‍ ഡയസിന്റെ മനോഹരമായ ക്രോസ് ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജങ്കര്‍ ഹെഡ്ഡറിലൂടെ ഗോളാക്കിമാറ്റി (2-0). ഇടവേളക്കുശേഷവും ഡെല്‍ഹി നല്ല താളത്തില്‍ പന്തുതട്ടി. പക്ഷേ, 68-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് മുതലാക്കി എലേന ചെന്നൈയിന്‍ എഫ്‌സിയെ പ്രതീക്ഷയുടെ പാളയത്തിലെത്തിച്ചു (2-1).
എന്നാല്‍ 79-ാം മിനിറ്റില്‍ ഹര്‍മന്‍ജോത് കാന്‍ബ്ര ഡൈനാമോസിന്റെ മാല്‍സ്വംതുലുന്‍ഗയ്‌ക്കുമേല്‍ പരുക്കന്‍ അടവു പ്രയോഗിച്ചു. പെനാല്‍റ്റിയെടുത്ത ഹെരേരൊയ്‌ക്ക് പിഴച്ചില്ല (3-1). ഇഞ്ചുറി ടൈമില്‍ പകരക്കാരന്‍ മാര്‍മെന്റിനിയും സ്‌കോര്‍ ഷീറ്റിലെത്തുമ്പോള്‍ ഡെല്‍ഹിയുടെ ജയം ആധികാരികം (4-1). ഇതോടെ ഡൈനാമോസ് (5 പോയിന്റ്) ആദ്യ നാലില്‍ നിലയുറപ്പിച്ചു. ചെന്നൈയിന്‍ (6) രണ്ടാം സ്ഥാനത്ത്.
















