ആന്റിഗ്വ: ശമ്പളപ്രശ്നത്തിന്റെ പേരില്‍ ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം പിന്മാറിയതിനെച്ചൊല്ലി ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയും സീനിയര്‍ ബാറ്റ്സ്മാന് മര്‍ലോണ്‍ സാമുവല്‍സും തമ്മില്‍ വാക്കുതര്‍ക്കം മുറുകുന്നു. പിന്മാറ്റ തീരുമാനം ടീം ഒറ്റക്കെട്ടായാണ് കൈക്കൊണ്ടതെന്ന് ബ്രാവോ വ്യക്തമാക്കി.
പരമ്പര തുടരാന്‍ താന്‍ താത്പര്യപ്പെട്ടിരുന്നതായുള്ള സാമുവല്‍സിന്റെ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു ബ്രാവോ.
പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ. കരാര്‍- ശമ്പള പ്രശ്നങ്ങളെ അതിനുശേഷം കൈകാര്യം ചെയ്യാമെന്നു കരുതി, ഒരു റേഡിയോ അഭിമുഖത്തില്‍ സാമുവല്‍സ് പറഞ്ഞു.
പരമ്പര പൂര്‍ത്തിയാക്കിയശേഷം ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിയിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ടീം ചര്‍ച്ചകളില്‍ സാമുവല്‍സ് ഏറെ സംഭാവനകള്‍ നല്കി. എന്തു തീരുമാനമെടുത്താലും സാമുവല്‍സ് ഒപ്പം നില്ക്കുമെന്നു തോന്നി, ബ്രാവോ പറഞ്ഞു. എന്നാല്‍ എട്ട് ടീം മീറ്റിങ്ങുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ പങ്കെടുത്തുള്ളുവെന്നു സാമുവല്‍സ് വ്യക്തമാക്കുന്നു.
















