ചെന്നൈ: ജയലളിതയ്‌ക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടികള്‍ റെക്കാര്‍ഡ് ചെയ്ത് സംപ്രേഷണം ചെയ്ത തമിഴ്ചാനല്‍ വെട്ടിലായി. ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി തേടി അഭിഭാഷക സംഘടന സുപ്രീം കോടിയെ സമീപിച്ചു.
ഓള്‍ ഇന്ത്യാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അധീശ് അഗര്‍വാലയാണ് സുപ്രീം കോടതി സെക്രട്ടറിക്ക് ഇതു ചൂണ്ടിക്കാട്ടി കത്തയച്ചത്. ജയക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഫാലി. എസ്. നരിമാന്‍ വാദിക്കുന്ന രംഗങ്ങളാണ് തന്തിയെന്ന ചാനല്‍ റെക്കാര്‍ഡ് ചെയ്ത് സംപ്രേഷണം ചെയ്തത്.കോടതി നടപടികള്‍ റെക്കാര്‍ഡ് ചെയ്ത് സംപ്രേഷണം ചെയ്തത് കോടതിയലക്ഷ്യമാണ്, അനുചിതമാണ്. കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഭാരതത്തിലെ കോടതികള്‍ തുറന്ന വേദികളാണ്. അവിടെ നടക്കുന്ന നടപടികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടു ചെയ്യാം. എന്നാല്‍ അതിന്റെ ദൃശ്യങ്ങളും ശബ്ദലേഖനങ്ങളും സംപ്രേഷണം ചെയ്യാന്‍ പാടില്ല. കോടതി നടപടികള്‍ സംപ്രേഷണം ചെയ്യാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജികള്‍ മുന്‍കാലങ്ങളില്‍ കോടതികള്‍ തള്ളിയിട്ടുമുണ്ട്. കത്തില്‍ പറയുന്നു.
















