പന്തളം: പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് ലേലത്തില്‍ കൊടുക്കുന്നതിനെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് പാര്‍ക്കിംഗ് ഗ്രൗണ്ട് സൗജന്യം ആയി നല്കാന് തീരുമാനിച്ചതായി ആറന്മുള അസിസ്റ്റന്റ് കമ്മീഷണര്‍ ജി വേണുഗോപാല്‍ അറിയിച്ചു.
അയ്യപ്പന്മാരുടെ കാണിക്ക പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലത്ത് അവരുടെ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്ന നടപടി അന്യായമാണെന്ന് കാണിച്ച് ഹിന്ദു ഐക്യവേദി ദേവസ്വം കമ്മീഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനം കണക്കിലെടുക്കാതെ ദേവസ്വംബോര്‍ഡ് വീണ്ടും ഇന്നലെ ലേലം നിശ്ചയിച്ചിരുന്നു ഇതേ തുടര്‍ന്ന് ഹിന്ദു ഐക്യ വേദി,അയ്യപ്പ സേവാസമാജം എന്നീ സംഘടനകളുടെ നേതൃത്ത്വത്തില്‍ ലേലം നടന്ന ഹാളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ ആര് കൃഷ്ണപിള്ള,അടൂര്‍ താലൂക്ക് ജനറല്‍സെക്രട്ടറി അനില്‍കുമാര്‍, അയ്യപ്പ സേവാ സമാജം താലൂക്ക് പ്രസിഡന്റ് ചന്ദ്രശേഖരന് പിള്ള, ബിജെപി പഞ്ചായത്ത് ജനറല്‍സെക്രട്ടറി എം.ബി ബിനുകുമാര്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ ലേല തുകയിലെ വര്‍ദ്ധനവ് കാരണം ക്ഷേത്ര പരിസരത്ത് കച്ചവടം നടത്തുന്നതിന്റെയും നാളീകേരത്തിന്റെയും ലേലം നടന്നില്ല. പുതുക്കിയ ലേല തീയതി പിന്നീട് നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: