തിരുവനന്തപുരം: ദേശീയ ഗെയിംസോടെ സംസ്ഥാനം പ്രതീക്ഷിക്കുന്നത് മത്സരംഗത്തും കായികമേഖലയുടെ അടിസ്ഥാന തലങ്ങളിലുമുള്ള വലിയ മുന്നേറ്റങ്ങളാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ഗെയിംസ് ജേതാക്കളേയും അര്‍ജുന അവാര്‍ഡ് ജേതാക്കളേയും അനുമോദിക്കുന്നതിനായി ചേര്‍ന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളാ കായികതാരങ്ങളില്‍ നിന്നും ഇനിയും വലിയ നേട്ടങ്ങളാണ് സംസ്ഥാനത്തു നിന്നുള്ള ജനങ്ങള്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. ദേശീയ ഗെയിംസിന്റെ ഭാഗമായി കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വന്‍തോതിലാണ് വര്‍ധിപ്പിക്കുന്നത്. കേരളത്തിലെ കായികതാരങ്ങള്‍ക്ക് മറ്റു രാജ്യങ്ങളിലെ താരങ്ങള്‍ക്കു ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നാലില്‍ ഒന്നുപോലും ലഭിക്കുന്നില്ല. ഇപ്പോള്‍ കായികതാരങ്ങള്‍ നേടുന്ന മെഡലുകളിലേറെയും പരിമിതമായ സൗകര്യങ്ങളില്‍ നിന്നും കഠിനാധ്വാനത്തിന്റെ ഫലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന് ഒരു സ്‌പോര്‍ട്‌സ് സര്‍വകലാശാലയെന്ന ലക്ഷ്യം നേടിയെടുക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശ്യമെന്നും തിരുവഞ്ചൂ പറഞ്ഞു. മികച്ച രീതിയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചാല്‍ അതിനപ്പുറമുള്ള നേട്ടങ്ങളും നമുക്ക് സ്വന്തമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് മേഖലയില്‍ നല്ല രീതിയിലുള്ള പുരോഗതി ആവശ്യമാണെന്നു ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍.ശ്രീജേഷ് പറഞ്ഞു.
കായികതാരത്തിനു പരിക്കേറ്റാല്‍ വേണ്ട ചികിത്സ ലഭിക്കുന്നതിനുള്ള സ്‌പോര്‍ട്‌സ് മെഡിക്കല്‍ സെന്ററുകളുടെ അപര്യാപ്തത നമുക്ക് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതിനു മാറ്റം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ശ്രീജേഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇഞ്ചിയോണ്‍ ഏഷ്യന്‍ഗെയിംസിലെ മെഡല്‍ജേതാക്കളായ ടിന്റു ലൂക്കായ്‌ക്ക് 25 ലക്ഷം രൂപയും ദീപിക പള്ളിക്കല്‍ (17.5 ലക്ഷം) ശ്രീജേഷ്( 15 ലക്ഷം), പി.യു. റോബിന്‍ (7.5 ലക്ഷം), ഒ.പി. ജെയ്ഷ( 7.5 ലക്ഷം), പി.സി. തുളസി (7.5 ലക്ഷം) എന്നിങ്ങനെ പാരിതോഷികം മുഖ്യമന്ത്രി വിതരണം ചെയ്തു.
അര്‍ജുനാ അവാര്‍ഡ് ജേതാക്കളായ ടോം ജോസഫ്, ഗീതു അന്ന ജോസ്, സജി തോമസ്, വി. ദിജു, ടിന്റു ലൂക്ക എന്നിവരെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് പൊന്നാട അണിയിച്ചു. കായിക പരിശീലകരായ പി.ടി. ഉഷ, ഉദയകുമാര്‍, പി. രാധാകൃഷ്ണന്‍, ഇ. ഭാസ്‌കരന്‍, എന്നിവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കി. കായിക പരിശീലകരായ എസ്. പ്രദീപ്കുമാര്‍, ജനില്‍ കൃഷ്ണന്‍, ബാബുജോണ്‍ എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. വി.ടി. ബല്‍റാം എംഎല്‍എ, സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, എല്‍എന്‍സിപി പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
















