ന്യൂദല്‍ഹിയില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ
ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ സമീപം
ന്യൂദല്‍ഹി: ഭാരതീയ ഡോക്ടര്‍മാര്‍ ലോകപ്രശസ്തരാകുമ്പോഴും നമ്മുടെ നാട്ടില്‍ ആരോഗ്യഗവേഷണ രംഗത്ത് കൂടുതല്‍ പഠനങ്ങളുടെ ആവശ്യകത വര്‍ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ നടന്ന 42-ാമതു ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവ ഡോക്ടര്‍മാര്‍ ഇക്കാര്യം ഓര്‍മ്മിക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി, അവരവരുടെ പ്രവര്‍ത്തനമേഖലയിലെ ചികിത്സാചരിത്രം രേഖപ്പെടുത്തിവെക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ പരമാവധി ലേഖനങ്ങള്‍ കൊടുക്കുന്നതും ലക്ഷ്യമായിരിക്കണമെന്നും മോദി പറഞ്ഞു.
ബിരുദദാനച്ചടങ്ങുകളില്‍ പ്രത്യേക അതിഥികളെ ക്ഷണിച്ച് വലിയ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സാധിക്കണം. ഒപ്പം പിന്നാക്ക ഗ്രാമങ്ങളിലെ സ്‌കൂള്‍ കുട്ടികളെ ഇത്തരം ചടങ്ങില്‍ പങ്കെടുപ്പിക്കണം. അതിലൂടെ ലഭിക്കുന്ന പ്രചോദനം ആ കുട്ടികള്‍ക്കും വലിയ ലക്ഷ്യങ്ങള്‍ സ്വപ്‌നം കാണാന്‍ അവസരം നല്‍കും, മോദിയുടെ വാക്കുകള്‍ വലിയ കരഘോഷത്തോടെ എയിംസിലെ സദസ് സ്വീകരിച്ചു.
അടച്ചുപൂട്ടിയ ക്ലാസ്മുറികളിലെ വിദ്യാര്‍ത്ഥി ജീവിതം അവസാനിക്കുകയാണെങ്കിലും ഒരിക്കലും പഠനം അവസാനിക്കുന്നതായി കരുതരുത്. അനുഭവമെന്ന തുറന്ന ക്ലാസ്‌റൂമിലേക്ക് ഇനി നിങ്ങള്‍ പ്രവേശിക്കുകയാണെന്ന് ഓര്‍മ്മിക്കണം. ആജീവനാന്ത സേവനത്തിന് ഇവിടെ ബഹുമാനിതരാകുന്ന ആരോഗ്യരംഗത്തെ പ്രമുഖരെ നിങ്ങള്‍ മാതൃകയാക്കണം. ജീവിതം മുഴുവന്‍ സക്രിയരായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.
അധ്യയന സമാപനമെന്ന ചടങ്ങിന്റെ പ്രാധാന്യം പ്രധാനമന്ത്രി വിവരിച്ചു. ദീക്ഷാന്തം എന്നത് ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ സുപ്രധാനം. തൈത്തരീയോപനിഷത്തിലാണ് ദീക്ഷാന്തം എന്ന ചടങ്ങിനെക്കുറിച്ച് ആദ്യം പ്രതിപാദിച്ചിരിക്കുന്നത്. ഒരു ഡോക്ടറുടെ ചെറിയ പ്രവൃത്തി അല്ലെങ്കില്‍ ഒരു രോഗിയുമായുള്ള സംഭാഷണം ഒരുപക്ഷേ ഒരാള്‍ക്ക് ജീവന്‍ നല്‍കിയേക്കാം. സമൂഹം ഡോക്ടര്‍മാരെ അത്രയ്‌ക്ക് വിശ്വസിക്കുന്നു. ഇക്കാര്യം നിങ്ങള്‍ നിത്യവും ഓര്‍മ്മിക്കണം, പ്രധാനമന്ത്രി പറഞ്ഞു.
ചില ഡോക്ടര്‍മാര്‍ രോഗികളുമായുള്ള സൗഹാര്‍ദ്ദത്തിന്റെ പേരിലാണ് പ്രസിദ്ധരാകുന്നത്. അവര്‍ രോഗികള്‍ക്ക് ആത്മവിശ്വാസവും രോഗത്തിനെതിരേ പൊരുതാനുള്ള കരുത്തുമാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ചടങ്ങില്‍ പങ്കെടുത്തു.
















