ന്യൂദല്‍ഹി: സുബ്രതോ കപ്പ് ഫുട്ബോള്ഫൈനലില് ബ്രസീലിനോട് കേരളം തോറ്റു. സഡന്‍ ഡെത്തിലാണ് കേരളം തോറ്റത്. കേരളത്തിന്റെ പ്രതിനിധികളായ മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, റിയോ ഡി ജനീറോയില്‍ നിന്നുള്ള സെന്റ് ആന്റൊണിയോ സ്കൂളിനോടാണ് കിരീടപ്പോരാട്ടത്തിന്തോറ്റത്. കഴിഞ്ഞ തവണയും എംഎസ്പി ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. ഉക്രയിനില്‍ നിന്നുള്ള ടീമാണ് അക്കുറി എംഎസ്പിയുടെ കിരീടമോഹം പൊലിച്ചത്.
ദല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി തുല്യത പാലിച്ചു. ആദ്യ പകുതിയുടെ 14-ാം മിനിറ്റില്‍ മാഹിന്‍ പി. ഹുസൈനാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ കേരളം മാഹിന്റെ ഗോളില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ സകേരളം രണ്ടാം ഗോള്‍ നേടി. ഗനി അഹമ്മദ് നിഗമാണ് ഗോള്‍ നേടിയത്. പിന്നാലെ ബ്രസീല്‍ ഒരു ഗോള്‍ മടക്കി. മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ബ്രസീല്‍ ടീം രണ്ടാം ഗോള്‍ നേടി. ബ്രസീലിനായി ജോസ് റിക്കാര്‍ഡോയാണ് രണ്ടു ഗോളുകളും സ്വന്തമാക്കിയത്. ഇതോടെ മല്‍സരം അധിക സമയത്തേക്കു നീളുകയായിരുന്നു.
സുബ്രതോ കപ്പും മൂന്നര ലക്ഷം രൂപയുടെ സമ്മാനത്തുകയുമാണു വിജയികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ ടീമിന് രണ്ടു ലക്ഷം രൂപയും ലഭിച്ചു
















