കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയുടെ വിജയരഥത്തിന് സ്‌റ്റോപ്പ്. രണ്ടു തുടര്‍ ജയങ്ങളുടെ ലഹരിയില്‍ സ്വന്തംതട്ടകത്തില്‍ കളിക്കിറങ്ങിയ അത്‌ലറ്റിക്കോയെ ഡല്‍ഹി ഡൈനാമോസ് 1-1ന് പിടിച്ചുകെട്ടി.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 49-ാം മിനിറ്റില്‍ ജോഫ്രെ മതേയു കൊല്‍ക്കത്ത സംഘത്തെ മുന്നിലെത്തിച്ചെങ്കിലും പാവെല്‍ ഏലിയാസ് (74) ഡൈനാമോസിന് പോയിന്റ് പകുത്തു നല്‍കി. അവസാന നിമിഷങ്ങളില്‍ അത്‌ലറ്റിക്കോ പത്തുപേരായി ചുരുങ്ങിയെങ്കിലും ഡൈനാമോസിന് അതു മുതലെടുക്കാനായില്ല.
പരുക്കന്‍ അടവുകള്‍ക്ക് കുറവുണ്ടാകാത്ത മുഖാമുഖത്തില്‍ ഇരു ടീമുകള്‍ക്കും ഗോളവസരങ്ങളും ലഭിച്ചു. തുടക്കത്തിലെ പന്തു കൈമാറലുകള്‍ക്കുശേഷം ഡൈനാമോസിനാണ് ആദ്യ അവസരം ലഭിച്ചത്. വലതു വിങ്ങില്‍ നിന്ന് പാസ് സ്വീകരിച്ച നായകന്‍ അലക്‌സാന്ദ്രൊ ഡെല്‍ പിയറോ തന്റെ മാറ്ററിയിച്ച് ബോക്‌സിനുള്ളില്‍ കയറിയെങ്കിലും എതിര്‍ പ്രതിരോധഭടന്‍ മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍ താരത്തിന്റെ വഴിതടഞ്ഞു. പിന്നീട് ഫിക്രുവിലൂടെ അത്‌ലറ്റക്കോ കൊല്‍ക്കത്ത ചില അപകടകരമായ നീക്കങ്ങള്‍ നടത്തി. പക്ഷേ, അതൊന്നും ഗോള്‍ വല ചലിപ്പിക്കാന്‍ സഹായകമായില്ല.
രണ്ടാം പകുതിയാരംഭിച്ച് അധികം വൈകും മുന്‍പേ അത്‌ലറ്റിക്കോ വെടിപൊട്ടിച്ചു. ഫിക്രുവിനെ വിം റായ്‌മേക്കേഴ്‌സ് ബോക്‌സിനുള്ളില്‍ വീഴ്‌ത്തി. പെനാല്‍റ്റിയെടുത്ത ജോഫ്രെയ്‌ക്കു പിഴച്ചില്ല (1-0). പിന്നാലെ ഡൈനാമോസിന് ലഭിച്ച അവസരം ഹാന്‍സ് മള്‍ഡര്‍ നഷ്ടപ്പെടുത്തി. ഗോള്‍ നേട്ടം രണ്ടാക്കാന്‍ ജോഫ്രെയ്‌ക്കും വഴി തെളിഞ്ഞെങ്കിലും പാഴാക്കി. 74-ാം മിനിറ്റില്‍ അത്‌ലറ്റിക്കോ പ്രതിരോധത്തില്‍ തട്ടിത്തെറിച്ച പന്ത് പിടിച്ചെടുത്ത ഏലിയാസ് 25 വാര അകലെ നിന്നു തൊടുത്ത ഷോട്ട് വലതുളച്ചു (1-1). സീസണില്‍ ഡല്‍ഹി ടീമിന്റെ ആദ്യ ഗോളായിരുന്നത്. 89-ാം മിനിറ്റില്‍ രാകേഷ് മാസിഹ് രണ്ടാം മഞ്ഞകാര്‍ഡ് കണ്ടതോടെഅത്‌ലറ്റിക്കോ പത്തു പേരായി ചുരുങ്ങി. അതൊന്നും പിന്നീട് സ്‌കോര്‍ കാര്‍ഡിനെ സ്വാധീനിച്ചില്ല.
രണ്ടു കളികളിലും സമനിലയില്‍ കുടുങ്ങിയ ഡൈനാമോസിന് രണ്ടു പോയിന്റ്. മൂന്നു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുള്ള അത്‌ലറ്റിക്കോ പട്ടികയില്‍ ആദ്യ സ്ഥാനത്തു തുടര്‍ന്നു.
















