ലണ്ടന്‍: അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുടെ ഉശിരന്‍ പ്രകടനത്തിന്റെ മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ത്രസിപ്പിക്കുന്ന ജയം. അഗ്യൂറോ തന്റെ സ്‌കോറിങ് പാടവം അടിവരയിട്ടപ്പോള്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ടോട്ടനത്തെ സിറ്റി നിലംപരിശാക്കി. സിറ്റിയുടെ നാലു ഗോളുകളുകള്‍ക്കും പിറവികൊടുത്തത് അഗ്യൂറോ തന്നെയാണ്. ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ടോട്ടനത്തിന് ആശ്വാസം നല്‍കി.
എത്തിഹാദ് സ്‌റ്റേഡിയത്തിലെ കളി സംഭവബഹുലമായിരുന്നു. ഫൗളുകള്‍ നിറഞ്ഞാടിയപ്പോള്‍ റഫറി നാലു പെനാല്‍റ്റി കിക്കുകള്‍ അനുവദിച്ചു. ഫെഡറിക്കോ ഫാസിയോ ചുവപ്പ് കാര്‍ഡ് കണ്ടപ്പോള്‍ പത്തുപേരുമായി ടോട്ടനത്തിന് കളി തുടരേണ്ടിയും വന്നു. സിറ്റി ജോ ഹാര്‍ട്ടിന്റെ ഉഗ്രന്‍ സേവുകളും കണ്ണഞ്ചിപ്പിക്കുന്ന കാണികള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന കാഴ്‌ച്ചകളായി.
13-ാം മിനിറ്റിലായിരുന്നു അഗ്യോറോ ഗോള്‍ വേട്ടയാരംഭിച്ചത്. എന്നാല്‍ പിന്നാലെ എറിക്‌സണ്‍ (15-ാം മിനിറ്റ്) ടോട്ടനത്തിനെ ഒപ്പമെത്തിച്ചു. ഫ്രാങ്ക് ലംപാര്‍ഡിനെ ലമേല ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി അഗ്യൂറോ ലക്ഷ്യത്തിലെത്തിച്ചപ്പോല്‍ 20-ാം മിനിറ്റില്‍ സിറ്റി ഒരിക്കല്‍ക്കൂടി മുന്നില്‍. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കിട്ടിയ സ്‌പോട്ട് കിക്ക് അഗ്യൂറോ തുലയ്‌ക്കുന്നതിനും ഗ്യാലറി സാക്ഷ്യം വഹിച്ചു.
രണ്ടാം പകുതിയില്‍ കളി കൂടുതല്‍ ചൂടുപിടിച്ചു. 62-ാം മിനിറ്റില്‍ ടോട്ടനത്തിനും പെനാല്‍റ്റി ലഭിച്ചു. പക്ഷേ, റോബര്‍ട്ടോ സൊള്‍ഡാഡോയുടെ കിക്ക് ജോ ഹാര്‍ട്ട് നിര്‍വീര്യമാക്കി.
അഗ്യൂറോ (68) ഹാട്രിക്ക് തികയ്‌ക്കുക തന്നെ ചെയ്തു, പെനാല്‍റ്റി കിക്കിലൂടെ. ഏഴു മിനിറ്റുകള്‍ക്ക് ശേഷം ടീമിന്റെയും തന്റെയും ഗോള്‍പട്ടിക സമ്പൂര്‍ണമാക്കി അഗ്യൂറോ നെഞ്ചുവിരിച്ച് കരകയറി.
അതേസമയം, ചെല്‍സി (22 പോയിന്റ്) ജയത്തോടെ ഒന്നാം സ്ഥാനത്തു തുടര്‍ന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് നീലപ്പട ക്രിസ്റ്റല്‍ പാലസിനെ മറികടന്നു. ഓസ്‌കാറും സെസ്‌ക് ഫാബ്രെഗസും ചെല്‍സിക്കുവേണ്ടി ലക്ഷ്യംകണ്ടവര്‍. അവസാന നിമിഷങ്ങളിലൊന്നില്‍ ഫ്രെയ്‌സിയര്‍ കാംബല്‍ ക്രിസ്റ്റല്‍ പാലസിന് ഒരു ഗോള്‍ സമ്മാനിച്ചു. ആഴ്‌സനലിനെ ഹള്‍ സിറ്റി 2-2ന് സമനിലയില്‍ തളച്ചു. വെസ്റ്റ് ഹാം ബേണ്‍ലിയെയും (3-1) എവര്‍ട്ടന്‍ ആസ്റ്റണ്‍ വില്ലയെയും (3-0) കീഴടക്കി.
















