പാറ്റ്‌ന: ചികിത്സ നിഷേധിക്കുന്ന ഡോക്ടര്‍മാരുടെ കൈവെട്ടണമെന്ന ബീഹാര്‍ മുഖ്യമന്ത്രി രാം ജിതാന്‍ മാഞ്ജിയുടെ പ്രഖ്യാപനം വിവാദത്തില്‍. പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന, ചികിത്സയില്‍ പിഴവ് വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ കൈ വെട്ടുമെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പരാമര്‍ശത്തിനെതിരെ സംസ്ഥാനത്തെ ഡോക്ടര്‍മാരും രംഗത്തെത്തി. മാഞ്ജിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനമാണെന്ന് ബിജെപി ലോക്‌സഭാഗം ഗിരിരാജ് സിംഗ് പറഞ്ഞു.
ഭരണഘടനയുടെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ഒരു വ്യക്തിയാണ് മുഖ്യമന്ത്രി. അദ്ദേഹമാണ് നിയമം കൈയിലെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. ഇത്തരം മാനസികാവസ്ഥയുള്ള ഒരാള്‍ എങ്ങനെയാണ് നിയമം സംരക്ഷിക്കുകയെന്നും സിംഗ് ചോദിച്ചു. ബിജെപി നേതാവും നടനുമായ മനോജ് തിവാരിയും പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റായിപ്പോയെന്നും, ഇത്തരം ഭാഷ അദ്ദേഹം ഉപയോഗിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നും തിവാരി പ്രതികരിച്ചു.
വെള്ളിയാഴ്ച ഒരു ആശുപത്രിയില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് മാഞ്ജി ഡോക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചത്. വ്യാജ ഡോക്ടര്‍മാരെ സന്ദര്‍ശിക്കരുതെന്ന് ജനങ്ങളോട് പറഞ്ഞ മാഞ്ജി അടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ ചികിത്സ തേടണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറോ, മരുന്നോ, ലാബ് പരിശോധനകള്‍ക്കുള്ള സജ്ജീകരണങ്ങളോ ഇല്ലെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കണമെന്നും, പരാതി കേള്‍ക്കാന്‍ മജിസ്‌ട്രേറ്റ് തയ്യാറാകാത്ത പക്ഷം ഒരു പോസ്റ്റ് കാര്‍ഡില്‍ പരാതി തന്നെ അറിയിക്കാനും മാഞ്ജി നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതി ലഭിക്കുന്ന അവസരത്തില്‍ കുറ്റക്കാര്‍ക്കെതിരെ തീര്‍ച്ചയായും നടപടി സ്വീകരിക്കുമെന്നും പാവങ്ങളുടെ ജീവിതംവെച്ചു കളിക്കുന്നവരെ കണ്ടെത്തിയാല്‍ അവരുടെ കൈ വെട്ടുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. പാവങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
















