ന്യൂദല്‍ഹി: കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശരാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഭാരതീയരുടെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. എന്നാല്‍ കേസന്വേഷണം പൂര്‍ത്തിയാകും മുമ്പ് പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ ലംഘനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ ലംഘനമാകുമെന്നതിനാല്‍ കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ നിലവിലെ സ്ഥിതിയില്‍ പുറത്തുവിടില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്ത്തഗി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ കേസിലെ പരാതിക്കാരനായ അഡ്വ. രാംജത്മലാനി വിമര്‍ശനവുമായി രംഗത്തെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കി.
വിവിധ രാജ്യങ്ങള്‍ അന്വേഷണവുമായി സഹകരിക്കുകയാണെന്നും അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ ലംഘനമാകുമെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു. ഭാരതവുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ വിവരങ്ങള്‍ തരാത്ത സ്ഥിതി സംജാതമാകും. വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കരാര്‍ പാലിക്കേണ്ടിവരും. ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താതിരുന്നാല്‍ മാത്രമേ വ്യക്തികളുടെ പേരുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും ലഭ്യമാകൂ, ജയ്റ്റ്‌ലി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സ്വിസ്ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതനുസരിച്ച് 14,000 കോടി രൂപയാണ് ഭാരതീയരുടെ കള്ളപ്പണ നിക്ഷേപമുള്ളത്. ഇരു രാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ നിരന്തര ചര്‍ച്ചകളെ തുടര്‍ന്നാണ് കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ നല്‍കാമെന്ന് സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍ സമ്മതിച്ചത്. എന്നാല്‍ ഇതു ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതു വരെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന നിയമം പാലിക്കാതെ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ല.
















