പാറ്റ്‌ന: നളന്ദ സര്‍വകലാശാല അടുത്ത വര്‍ഷം രണ്ടു കലാലയങ്ങള്‍ കൂടി ആരംഭിക്കുമെന്ന് നൊബേല്‍ ജേതാവും സര്‍വകലാശാല ചാന്‍സലറുമായ അമര്‍ത്യാ സെന്‍ അറിയിച്ചു. ആരോഗ്യസുരക്ഷ, സാമ്പത്തികശാസ്ത്രം എന്നിവ പഠിപ്പിക്കാനാണ് പുതിയ കലാലയങ്ങള്‍.
800 വര്‍ഷം മുമ്പ് തുര്‍ക്കികളുടെ ആക്രമണത്തില്‍ ക്ഷയം സംഭവിച്ച സര്‍വകലാശാലയെ പ്രസിദ്ധിയാര്‍ജിച്ച പഠനകേന്ദ്രമായി പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തുഷ്ടിയുണ്ടെന്ന് സെന്‍ വെളിപ്പെടുത്തി. ദരിദ്രകുടുംബങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ക്ക് സര്‍വകലാശാല കൂടുതല്‍ അവസരം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
നവീകരിച്ച നളന്ദ സര്‍വകലാശാലയുടെ ഉദ്ഘാടനം വിദേശകാര്യമന്ത്രി സുഷമസ്വരാജ് കഴിഞ്ഞമാസം നിര്‍വഹിച്ചിരുന്നു.രാജ്ഗിറില്‍ പുതിയ കെട്ടിടം സര്‍വകലാശാല നിര്‍മിക്കും.
കഴിഞ്ഞ സപ്തംബര്‍ 1 ന് പരിസ്ഥിതി-ഭൂഗര്‍ഭശാസ്ത്രം, ചരിത്രം എന്നീ പഠനവിഭാഗങ്ങള്‍ക്കായി രണ്ടു സ്‌കൂളുകള്‍ സര്‍വകലാശാല ആരംഭിച്ചിരുന്നു. ഏഴ് സ്‌കൂളുകള്‍, ബിരുദാന്തര ബിരുദ കോഴ്‌സുകള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി സോഷ്യല്‍ സയന്‍സ്, ആത്മീയപഠനം, ഫിലോസഫി, സയന്‍സ് എന്നീ കോഴ്‌സുകളാണ് 2020 ല്‍ പൂര്‍ത്തിയാക്കപ്പെടുന്ന സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നത്.
















