ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പ്രകാരം പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു ഗ്രാമം ഏറ്റെടുക്കും.ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് സച്ചിന്‍ അറിയിച്ചതാണിത്. ഭാര്യ അഞ്ജലിയും ഒപ്പം ഉണ്ടായിരുന്നു. എംപിമാര്‍ തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമം ഏറ്റെടുത്ത് വികസിപ്പിക്കുന്ന പദ്ധതിയെപ്പറ്റി സച്ചിന്‍ മോദിയോട് ആരാഞ്ഞു.തുടര്‍ന്നാണ് ഒരു ഗ്രാമം ഏറ്റെടുക്കാനുള്ള താല്പ്പര്യം സച്ചിന്‍ അറിയിച്ചത്.
സ്‌കൂളുകളിലും കോളേജുകളിലും സ്‌പോര്‍ട്ട്‌സ് വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും സച്ചിന്‍ നരേന്ദ്ര മോദിയെ അറിയിച്ചു. ഒപ്പം സ്വച്ഛ് ഭാരത് പദ്ധതിയില്‍ താന്‍ ചെയ്ത കാര്യങ്ങളും തന്റെ ദൗത്യവും സച്ചിന്‍ മോദിയെ ധരിപ്പിച്ചു.
സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയാകാനും അതില്‍ ഒന്‍പതുപേരെ പങ്കാളികളാക്കാനും മോദി വിവിധരംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഒന്‍പതു പേരോട് അഭ്യര്‍ഥിച്ചിരുന്നു. അവരില്‍ ഒരാളായിരുന്നു സച്ചിന്‍, മോദിയുടെ അഭ്യര്‍ഥന പ്രകാരം താന്‍ കൂടുതല്‍ പേരെ ഇതിലേക്ക് ക്ഷണിച്ചതായും അവരെ ഇതില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം മോദിയെ അറിയിച്ചു.
മുംബൈയില്‍ ചൂലെടുത്ത് ശുചീകരണത്തിന് ഇറങ്ങിയ സച്ചിനെ മോദി പ്രശംസിച്ചു.
















