ന്യൂദല്‍ഹി: മൃഗങ്ങളില്‍ പരീക്ഷണം നടത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ഭാരതത്തില്‍ നിരോധനം ഏര്‍പ്പെടുത്തി. ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ മൃഗങ്ങളില്‍ പരീക്ഷിക്കുന്നതിനെതിരെ വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മൃഗസംരക്ഷണ വാദികളുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് മൃഗങ്ങളില്‍ നടത്തിയിരുന്ന പരീക്ഷണങ്ങള്‍ നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ രാജ്യമായി ഭാരതം.
നേരത്തെ സൗന്ദര്യവസ്തുക്കള്‍ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപുറമെയാണ് ഇറക്കുമതി ചെയ്യുന്ന സൗന്ദര്യ വര്‍ധകവസ്തുക്കള്‍ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.
നവംബര്‍ 13 മുതല്‍ നിയമം നിലിവില്‍ വരും. ചരിത്രപരമായ നീക്കമെന്ന് നിരോധനത്തെ സ്വാഗതം ചെയ്ത് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു. നിരോധനം ഏര്‍പ്പെടുത്തിയതുവഴി മൃഗങ്ങളോട് കാണിച്ചിരുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇല്ലാതാകുന്നതെന്നും മറ്റ് രാജ്യങ്ങള്‍ക്കുകൂടി പിന്‍തുടരാവുന്നതാണ് ഭാരതത്തിന്റെ തീരുമാനമെന്നും അവര്‍ പറഞ്ഞു.
നിരോധനത്തെ പിന്തുണച്ച് 70,000 പേരുടെ ഒപ്പുകളടങ്ങിയ നിവേദനം ജൂണില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് ഇവര്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി, ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും നിരോധനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മൃഗങ്ങളില്‍ പരീക്ഷണം നടത്തിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയ, ബ്രസില്‍, ന്യൂസിലാന്റ് തായ്‌വാന്‍ എന്നിവിടങ്ങിളിലും പ്രചാരണം നടന്നിരുന്നു.
ഓസ്‌ട്രേലിയ, ബ്രസീല്‍, ന്യൂസിലാന്റ്, തായ്‌വാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിരോധനത്തിന് പിന്തുണ പ്രഖ്യാപിച്ച് ബില്‍ അവതരിപ്പിച്ചിരുന്നു. ഇസ്രായേല്‍ ഏറെക്കാലം മുമ്പ് നിരോധനം ഏര്‍പ്പെടുത്തിയതാണ്.
















