ന്യൂദല്‍ഹി: റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) പിഴയിനത്തില്‍ വന്‍തുക ഇളവ് അനുവദിച്ചത് സിബിഐ അന്വേഷിക്കും. ഐആര്‍ഡിഎ മാനദണ്ഡം ലംഘിച്ചതിന് ഈടാക്കേണ്ട പിഴയിലാണ് 2009ല്‍ വലിയ ഇളവ് നല്‍കിയത്. റിലയന്‍സ് മൂന്നരലക്ഷം തവണ മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇത്രയുംവട്ടം മാനദണ്ഡം ലംഘിച്ചാല്‍ ശരാശരി അടയ്‌ക്കേണ്ടത് 17,500 കോടി രൂപയാണെങ്കിലും പിഴ ഇനത്തില്‍ ഈടാക്കിയത് 20 ലക്ഷം മാത്രം. ഐആര്‍ഡിഎ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ ഇന്‍ഷ്വറന്‍സ് സ്ഥാപനത്തിനും എതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് വക്താവ് കാഞ്ചന്‍ പ്രസാദ് സ്ഥിരീകരിച്ചു.
ഇളവ് അനുവദിച്ച ഘട്ടത്തില്‍ ഐആര്‍ഡിഎ അധ്യക്ഷനായിരുന്ന ജെ. ഹരിനാരായണനെ ഹൈദരാബാദിലെ വീട്ടില്‍ സിബിഐ ചോദ്യംചെയ്തു. മറ്റ് ഐആര്‍ഡിഎ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. ഐഎഎസ്സുകാരനായ ഹരിനാരായണന്‍ 2008 ജൂണില്‍ വിരമിച്ചശേഷമാണ് ഐആര്‍ഡിഎ അധ്യക്ഷനായി ചുമതലയേറ്റത്. 2013 ഫെബ്രുവരിവരെ തുടര്‍ന്നു. 2009 ജൂലൈയിലാണ് റിലയന്‍സ് ഇന്‍ഷ്വറന്‍സില്‍നിന്ന് പിഴയായി 20 ലക്ഷം ഈടാക്കിയാല്‍ മതിയെന്ന് ഹരിനാരായണന്‍ തീരുമാനിച്ചത്. റിലയന്‍സില്‍നിന്ന് സിബിഐ വിവരം ശേഖരിച്ചുവരികയാണ്. ആവശ്യമായ തെളിവ് ലഭിച്ചശേഷം കേസെടുക്കുമെന്നാണ് സൂചന. പിഴ വെട്ടിക്കുറച്ചതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ നിഗമനം.
റിലയന്‍സ് ഇന്‍ഷ്വറന്‍സിനുമേല്‍ പിഴ ചുമത്തിയിട്ടുണ്ടെന്ന് ആഗസ്റ്റില്‍ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വാണിജ്യസഹമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു. റിലയന്‍സ് ഹെല്‍ത്തഡൈ്വസ് പോളിസി എന്ന പേരില്‍ 2005-ല്‍ റിലയന്‍സ് നടപ്പാക്കിയ പദ്ധതി ഐആര്‍ഡിഎ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഐആര്‍ഡിഎ അംഗീകാരമില്ലാത്ത പദ്ധതിയുടെ മൂന്നരലക്ഷം പോളിസിയാണ് റിലയന്‍സ് വിറ്റഴിച്ചത്. ഇന്‍ഷ്വറന്‍സ് നിയമത്തിലെ 102 (ബി) ചട്ടപ്രകാരം മാനദണ്ഡം ലംഘിച്ച് വില്‍ക്കുന്ന ഓരോ പോളിസിക്കും അഞ്ചുലക്ഷമാണ് പിഴ. റിലയന്‍സിന്റെ കാര്യത്തില്‍ പിഴ പൂര്‍ണമായി ഈടാക്കിയാല്‍ 17,500 കോടിയിലെത്തും.
















