മ്യൂണിക്ക്: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ജര്‍മ്മനിയുടെ കഷ്ടകാലം തീരുന്നില്ല. ഗ്രൂപ്പ് ഡിയില്‍ കഴിഞ്ഞ ദിവസം പോളണ്ടിനോട് 2-0ന് പരാജയം ഏറ്റുവാങ്ങിയ ജര്‍മ്മന്‍ പോരാളികള്‍ ഇന്നലെ സ്വന്തം മൈതാനത്ത് സമനിലയില്‍ കുടുങ്ങി. വെല്‍റ്റിന്‍സ് അരീനയില്‍ നടന്ന കളിയില്‍ അയര്‍ലന്റാണ് ജര്‍മ്മനിയെ 1-1ന് സമനിലയില്‍ തളച്ചത്.
കൡയില്‍ പന്തിന്മേല്‍ ആധിപത്യം പുലര്‍ത്തിയതും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ജര്‍മ്മനിയായിരുന്നു. കളിയുടെ 65 ശതമാനവും പന്ത് കൈവശം വെച്ച ജര്‍മ്മന്‍ താരങ്ങള്‍ മത്സരത്തില്‍ ആകെ 22 ഷോട്ടുകളാണ് പായിച്ചത്. ഇതില്‍ പോസ്റ്റിലേക്ക് പാഞ്ഞ എട്ടെണ്ണത്തില്‍ ഏഴെണ്ണവും അയര്‍ലന്റ് ഗോളിക്ക് മുന്നില്‍ വിഫലമായി. അതേസമയം അയര്‍ലന്റ് താരങ്ങള്‍ക്ക് ആകെ നാല് ഷോട്ടുകള്‍ മാത്രമാണ് പായിക്കാന്‍ കഴിഞ്ഞത്.
ആദ്യപകുതിയില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയിട്ടും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയിലും ജര്‍മ്മന്‍ മുന്നേറ്റങ്ങളായിരുന്നു കൂടുതല്‍. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 71-ാം മിനിറ്റില്‍ ടോണി ക്രൂസിലൂടെ ജര്‍മ്മനി ലീഡ് നേടി. ലീഡ് വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ അയര്‍ലന്റ് ഇഞ്ചുറി സമയത്തിന്റെ നാലാം മിനിറ്റിലാണ് സമനില ഗോള്‍ നേടിയത്. ജെഫ് ഹെന്‍ഡ്രിക് നല്‍കിയ പാസ് സ്വീകരിച്ച് രാജ്യത്തിന് വേണ്ടി നൂറാം മത്സരം കളിച്ച ജോണ്‍ ഒ’ഷിയ വലംകാലുകൊണ്ട് പായിച്ച ഷോട്ടാണ് ജര്‍മ്മനിയുടെ ലോകോത്തര ഗോള്‍കീപ്പര്‍ ന്യുയറെ നിഷ്പ്രഭനാക്കി വലയില്‍ തറച്ചുകയറിയത്.
ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ ജോര്‍ജിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെ പരാജയപ്പെടുത്തി. അതേസമയം കഴിഞ്ഞയാഴ്ച ജര്‍മ്മനിയെ പരാജയപ്പെടുത്തിയ പോളണ്ട് ഇന്നലെ സമനില വഴങ്ങി. സ്‌കോട്ട്‌ലന്റാണ് കരുത്തരായ പോളണ്ടിനെ 2-2ന് സമനിലയില്‍ തളച്ചത്. മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റുള്ള പോളണ്ടും അയര്‍ലന്റുമാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ജര്‍മ്മനിക്കും നാലാം സ്ഥാനത്തുള്ള സ്‌കോട്ട്‌ലന്റിനും നാല് പോയിന്റ് വീതമാണുള്ളത്.
ഗ്രൂപ്പ് ഇയില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം സ്വിറ്റ്‌സര്‍ലന്റ് വിജയവഴിയില്‍ തിരിച്ചെത്തി. സാന്‍മരിനോയെയാണ് മൂന്നാം കളിയില്‍ അവര്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തത്. സ്വിസ് ടീമിന് വേണ്ടി സഫറോവിക്ക് രണ്ടും സെമെയ്‌ലി, ഷെര്‍ദാന്‍ ഷാഖിരി എന്നിവര്‍ ഓരോ ഗോളും നേടി.
ഗ്രൂപ്പ് ഐയില്‍ പോര്‍ച്ചുഗല്‍ ആദ്യ വിജയം സ്വന്തമാക്കി. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇഞ്ചുറി സമയത്ത് നല്ലൊരു ഹെഡ്ഡറിലൂടെ നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ ഡെന്മാര്‍ക്കിനെ കീഴടക്കിയത്. മത്സരത്തിലുടനീളം മികച്ച ഫോമിലായിരുന്ന ക്രിസ്റ്റിയാനോക്ക് നിര്‍ഭാഗ്യം കൊണ്ടാണ് കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിയാതെ പോയത്. ഡെന്മാര്‍ക്ക് ഗോളിയുടെ മിടുക്കും പോസ്റ്റും റൊണാള്‍ഡോക്ക് മുന്നില്‍ വിലങ്ങുതടിയായി നിലകൊണ്ടു. രണ്ട് മത്സരം കളിച്ച പോര്‍ച്ചുഗലിന്റെ ആദ്യ വിജയമാണിത്.
ഗ്രൂപ്പ് എഫില്‍ വടക്കന്‍ അയര്‍ലന്റ് തുടര്‍ച്ചയായ മൂന്നാം വിജയം നേടി. മുന്‍ യൂറോ ചാമ്പ്യന്മാരായ ഗ്രീസിനെയാണ് വടക്കന്‍ അയര്‍ലന്റ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയത്. ഒമ്പതാം മിനിറ്റില്‍ ജാമി വാര്‍ഡും 51-ാം മിനിറ്റില്‍ ലാഫെര്‍ട്ടിയുമാണ് ഗോളുകള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ റുമാനിയ 2-0ന് ഫിന്‍ലാന്‍ഡിനെയും ഹംഗറി 1-0ന് ഫറോ ദ്വീപുകളെയും പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ മൂന്നുകളികളും വിജയിച്ച് ഒമ്പത് പോയിന്റുമായി വടക്കന്‍ അയര്‍ലന്റാണ് ഒന്നാമത്. 7 പോയിന്റുള്ള റുമാനിയ രണ്ടാമതും നാല് പോയിന്റ് വീതമുള്ള ഫിന്‍ലാന്‍ഡും ഹംഗറിയും മൂന്നും നാലും സ്ഥാനങ്ങളിലും നില്‍ക്കുന്നു.
















