മഞ്ചേരി(മലപ്പുറം): ഫുട്ബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന മലപ്പുറത്തിന്റെ മണ്ണില്‍ കേരളത്തിന്റെ സ്വന്തം ബാസ്റ്റേഴ്സ് ടീം എത്തി. ഇന്നലെയാണ് പരിശീലനത്തിനായി കേരള ബാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയത്. ഗുവാഹത്തിയില്‍ നോര്‍ത്ത് -ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായി നടന്ന മത്സരത്തിലേറ്റ പരാജയം ടീമിനെ തളര്‍ത്തിയിട്ടില്ല. പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് തങ്ങളെന്ന് ടീം മാനേജരും താരവുമായ ഡേവിഡ് ജെയിംസ് പറഞ്ഞു. മത്സരത്തില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു ഇത് പരിഹരിച്ച് മുന്നോട്ട് പോകും. ചെറിയ പിഴവുകള്‍പോലും പരാജയത്തിന് കാരണമാകുമെന്ന തിരിച്ചറിവിലൂടെയാണ് മുന്നോട്ടു പോകുന്നത്. എല്ലാമത്സരങ്ങളെയും ഒരു പോലെ പ്രധാനപ്പെട്ടതായാണ് കാണുന്നത്.
ആദ്യ മത്സരത്തിലേറ്റ പരാജയം ടീം അംഗങ്ങളെ തളര്‍ത്തിയിട്ടില്ല. അടുത്ത മത്സരം നടക്കുന്നത് ചെന്നൈയിലാണ്. അവിടുത്തെ കാലാവസ്ഥയുമായി കളിക്കാര്‍ പൊരുത്തപ്പെടുന്നതിനായി നേരത്തെ അങ്ങോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും ഡേവിഡ് ജെയിംസ് കൂട്ടിച്ചേര്‍ത്തു.
മഞ്ചേരി സ്റ്റേഡിയത്തിലെ പരിശീലനം കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നതായി ടീമിലെ മലയാളി താരം സുശാന്ത് മാത്യു പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട പരിശീലനത്തിന് ശേഷം താരങ്ങള്‍ രണ്ടു ടീമായി മത്സരവും നടത്തി. ഇന്നലെ ഉച്ചയോടെയാണ് ടീം അംഗങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഹോട്ടലിലേക്കാണ് പോയത്. ഹോട്ടലില്‍ നിന്ന് വൈകീട്ട് 4.15 ഓടെയാണ് സംഘം പയ്യനാട് സ്റ്റേഡിയത്തില്‍ പരിശീലനത്തിനായി എത്തിയത്. ബ്ലാസ്റ്റേഴ്സ് സംഘം ഇന്ന് ചെന്നൈയിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്. 21 ന് ചെന്നൈയിലാണ് അടുത്ത മത്സരം.
















