ബെല്‍ഗ്രേഡ്: യൂറോ 2016 യോഗ്യതാ റൗണ്ടില്‍ സെര്‍ബിയ-അല്‍ബേനിയ പോരാട്ടം ഉപേക്ഷിച്ചു. കളിക്കാരുടെ ഏറ്റുമുട്ടലിനെതുടര്‍ന്നാണ് പോരാട്ടം ഉപേക്ഷിച്ചത്. മത്സരം 41 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം.
അല്‍ബേനിയന്‍ പതാക ആരാധകര്‍ ഗ്രൗണ്ടിലേക്ക് പറത്തിവിട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. മൈതാനത്ത് വീണ പതാക സെര്‍ബിയന്‍ താരം പരസ്യമായി കീറാന്‍ ശ്രമിച്ചതോടെ അല്‍ബേനിയന്‍ കളിക്കാര്‍ ഇടപെട്ടു. പിന്നാലെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ മത്സരത്തിന് പകരം കൂട്ടത്തല്ലാണ് നടന്നത്. കൈയാങ്കളി രൂക്ഷമായതോടെ റഫറി മത്സരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ ആരാധകരും ചേരിതിരിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് സുരക്ഷാസേന ഇറങ്ങിയാണ് സമാധാനം പുനസ്ഥാപിച്ചത്. സംഭവത്തില്‍ യൂറോപ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്കെതിരേയും ഇരു രാജ്യങ്ങളിലെ ഫുട്ബോള്‍ ഫെഡറേഷനുകള്ക്കെതിരേയും നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
















